തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 സ്ഥാനാർഥിയായി മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണത്തിൽ തിരിച്ച് വരുമെന്ന് പ്രഖ്യാപനം ;വാർഡ് 22 ൽ എൽഡിഎഫ് സ്ഥാനാർഥിയായി നിലവിലെ ഭരണ സമിതി അംഗം മാർട്ടിൻ ആലേങ്ങാടൻ മൽസരിക്കും.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ മുൻ ചെയർമാനും കെപിസിസി മുൻ സെക്രട്ടറിയുമായ എം പി ജാക്സൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ഒപ്പം എത്തി പതിനൊന്നേ കാലോടെയാണ് മുനിസിപ്പൽ എഞ്ചിനീയർ കൂടിയായ അസി . റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചത്. നാലാം തവണയാണ് നഗരസഭയിലേക്ക് എം പി ജാക്സൻ ജനവിധി തേടുന്നത്. 1988- 90 കാലഘട്ടത്തിലും 2005- 2010 കാലഘട്ടത്തിലും ചെയർമാൻ സ്ഥാനവും 1995 – 2000 ഘട്ടത്തിൽ നഗരസഭയിൽ പ്രതിപക്ഷ നേതാവുമായിരുന്നു. വാർഡ് 22 മുനിസിപ്പൽ ഓഫീസ് വാർഡിൽ നിന്നാണ് ഇത്തവണ മൽസരിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇത്തവണ അധികാരത്തിലേക്ക് തിരിച്ച് വരുമെന്നും നാല്പത്തിമൂന്ന് ഭരണസമിതി അംഗങ്ങൾക്കും തുല്യ പരിഗണന നൽകുമെന്നും പത്രിക നൽകി പുറത്തിറങ്ങിയതിന് എം പി ജാക്സൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വാർഡ് 22 ൽ എൽഡിഎഫ് സ്ഥാനാർഥിയായി നിലവിലെ സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടൻ മൽസരിക്കും. കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നുവെങ്കിലും വാർഡ് 22 ഉൾപ്പെടെയുള്ള എതാനും വാർഡുകളിലെ പ്രഖ്യാപനം നടത്തിയിരുന്നില്ല. നിലവിൽ വാർഡ് 12 ൽ നിന്നുള്ള ഭരണസമിതി അംഗമാണ് മാർട്ടിൻ ആലേങ്ങാടൻ. ആർ ബാല സൂര്യനാണ് വാർഡ് 22 ൽ നിന്നും ബിജെപി സ്ഥാനാർഥിയായി ജനവിധി തേടുന്നത്.















