വിദ്യാർഥികളിൽ രംഗകലാവബോധം വളർത്താനുള്ള പദ്ധതികൾക്കായി ക്രൈസ്റ്റ് കോളേജും ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബും കൈകോർക്കുന്നു.
ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലും യുവാക്കളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ആസൂത്രണംചെയ്യുന്നതിൻ്റെ ഭാഗമായി
ക്രൈസ്റ്റ് കോളേജിലെ ‘നാട്യപാഠശാല’യുടെ കീഴിൽ വൈവിദ്ധ്യമാർന്ന കലാബോധന ക്ലാസുകൾ ആരംഭിക്കുന്നതിനായുള്ള പരസ്പരധാരണാ പത്രത്തിൽ ക്രൈസ്റ്റ് കോളേജും ഡോ കെ എൻ പിഷാരടി കഥകളി ക്ലബും ഒപ്പുവച്ചു. കഥകളി, കൂടിയാട്ടം, നൃത്തങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലഭിക്കുക. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 26ക്ലാസുകളാണ് ഒരു അധ്യയന വർഷത്തിൽ ഈ പദ്ധതിപ്രകാരം ഉണ്ടായിരിക്കുക. ആട്ടക്കഥ പരിചയം, സംഗീത -വാദ്യ-നാട്യപ്രകരണ പരിചയം, മുദ്രാവബോധനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് കളരിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. വരുംമാസങ്ങളിൽ ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങുകളിലെ ആട്ടക്കഥകളെ അവലംബിച്ചാണ് ഈ ക്ലാസുകൾക്ക് രൂപം നല്കുക.ഫാ ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസും കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശനും ധാരണപത്രത്തിൽ ഒപ്പുവച്ചു.















