കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്കായി ” സുശക്തം ” എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.
ഇരിങ്ങാലക്കുട : കുടുബശ്രീ മാതൃകയിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കായി ” സുശക്തി ” എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു . കേരള സാമൂഹ്യ സുരക്ഷ മിഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി എകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ഓരോ ബ്ലോക്കിലും ഭിന്നശേഷിക്കാർക്കായി ബഡ്സ് സ്കൂളും റീഹാബിലിറ്റേഷൻ സെൻ്ററും തുടങ്ങാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ടൗൺ ഹാളിൽ നടന്ന ക്യാമ്പിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ പി സി സൗമ്യ, ജില്ലാ കോഡിനേറ്റർ കെ പി സജീവ് തുടങ്ങിയവർ സംസാരിച്ചു. 125 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.















