ഭക്തിസാന്ദ്രമായി കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്

ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്; തണ്ടിക വരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ ഒക്ടോബർ 29, 30, 31 തീയതികളിൽ

 

ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങളുടെ മുന്നോടിയായുള്ള കലവറ നിറയ്ക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായി . ചടങ്ങിൻ്റെ ഉദ്‌ഘാടനം കിഴക്കേ ഗോപുര നടയിൽ കലവറ നിറച്ചു കൊണ്ട് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നിർവഹിച്ചു. തുടർന്ന് ഭക്തജനങ്ങൾ തൃപ്പുത്തരി സദ്യയിലേക്ക് ആവശ്യമായ അരി, നുറുക്ക് അരി, ശർക്കര, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ സമർപ്പിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, കെ ബിന്ദു, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി.എസ് രാധേഷ്, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രത്തിലെ തണ്ടിക വരവ്, തൃപ്പുത്തരി, മുക്കൂടി ആഘോഷങ്ങൾ ഒക്ടോബർ 29, 30 ,31ദിവസങ്ങളിലായി നടക്കും. 29 ബുധനാഴ്ച പോട്ട പ്രവൃത്തി കച്ചേരിയിൽനിന്ന്‌ ഉച്ചയ്ക്ക് 12 മണിയോടെ കാൽനടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് 5 ന് ഠാണാവിലെത്തുന്നതും, മേളഘോഷത്തോടെ പള്ളിവേട്ട ആൽത്തറയിലെത്തി അവിടെ നിന്നും 7 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതു മായിരിക്കും വൈകീട്ട് 6:15​ മുതൽ ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറും.

തൃപ്പുത്തരിദിനമായ 30-ന് അയ്യായിരം പേർക്ക് സദ്യ നൽകും. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങൾ. വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.

31-ന് മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന മുക്കുടി നിവേദ്യം 31 ന് രാവിലെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.

Please follow and like us: