തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ ക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളും സമരങ്ങളുമായി മൂന്ന് മുന്നണികളും.
ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുട നഗരസഭയിലെ വോട്ടർ പട്ടികയിലെ പുനക്രമീകരണങ്ങളെ ചൊല്ലി ആരോപണ- പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ കക്ഷികൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കള്ളത്തരങ്ങൾ കാണിക്കുകയാണെന്നും യഥാർത്ഥ വോട്ടർമാരെ പോലും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നഗരസഭ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാരാണ് ഉച്ചയോടെ ആദ്യം രംഗത്ത് എത്തിയത്.നഗരസഭ മന്ദിരത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സദസ്സ് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. തൊട്ട് പിന്നാലെ ബിജെപി ക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയിയുടെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാരും കുത്തിയിരുപ്പ് സമരം തുടങ്ങി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്ന് യുഡിഎഫും കുറ്റപ്പെടുത്തി. യുഡിഎഫ് കൗൺസിലർമാരുടെ മുദ്രാവാക്യവിളികൾ തുടരുന്നതിനിടയിൽ ഇരുമുന്നണികൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകരും കൗൺസിലർമാരും രംഗത്ത് എത്തി. ഇതോടെ മൽസരിച്ചുള്ള മുദ്രാവാക്യവിളികൾ ഉയർന്നു. ബിജെപി കൗൺസിലറുടെ പേര് വരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്ന സാഹചര്യമാണെന്നും ഇൻഡി മുന്നണിയുടെ സെക്രട്ടറിയായി നഗരസഭ സെക്രട്ടറി മാറിയെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധവുമായി ഒരു വിഭാഗം പ്രവർത്തകർ നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് എത്തിയെങ്കിലും സെക്രട്ടറി മുറിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധ സമരങ്ങൾ നടക്കുന്നത് അറിഞ്ഞ് പോലീസും സ്ഥലത്ത് എത്തിയിരുന്നു.















