ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്നം; മുൻകാലങ്ങളിൽ സംഭവിച്ച ബ്രാഹ്മണ ശാപവും നിത്യകാര്യങ്ങളിൽ സംഭവിച്ച പിഴവുകളും ദേവചൈതന്യഹാനിക്ക് കാരണമായിട്ടുണ്ടെന്ന് പ്രശ്നചിന്ത
ഇരിങ്ങാലക്കട : മുൻകാലങ്ങളിൽ സംഭവിച്ച ബ്രാഹ്മണ ശാപം, ജലാശയങ്ങളുടെ ദുസ്ഥിതി, നിത്യകാര്യങ്ങളിൽ സംഭവിച്ച പിഴവുകൾ , എന്നിവ ദേവചൈതന്യഹാനിക്ക് കാരണമായിട്ടുണ്ടെന്ന പ്രശ്നചിന്തയുമായി ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ആരംഭിച്ച അഷ്ടമംഗല പ്രശ്നത്തിലെ ആദ്യദിനം.രാവിലെ 8. 30ന് ക്ഷേത്രം ശ്രീകോവിലിൽ നിന്നും കൊണ്ടുവന്ന ദീപം തെളിയിച്ച് ക്ഷേത്രം വിളക്കു മാടത്തിൽ രാശി പൂജയ്ക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന അനി പ്രകാശ് നമ്പൂതിരിപ്പാടാണ് രാശി പൂജ ചെയ്തത്. 8 വയസ്സുകാരി വിദ്യാലക്ഷ്മിയാണ് രാശി പൂജയിൽ സ്വർണ്ണം വെയ്ക്കൽ ചടങ്ങ് നിർവ്വഹിച്ചത്. രാശി പൂജയ്ക്കു ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഊട്ടുപുരയിൽ പ്രശ്ന ചിന്തകൾക്ക് തുടക്കമായി. പ്രശ്നചിന്ത
ചടങ്ങുകൾക്ക് മുഖ്യ ആചാര്യൻ ആമയൂർ വേണുഗോപാല പണിക്കർ, കൂറ്റനാട് രാവുണ്ണി പണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞർ നേതൃത്വം നൽകി.
ചടങ്ങുകൾക്ക് ദേവസ്വം ചെയർമാൻ അഡ്വ സി.കെ. ഗോപി, ഭരണ സമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം , അഡ്വ കെ ജി അജയ് കുമാർ, കെ ബിന്ദു, ക്ഷേത്രം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്റ്റേട്രർ രാധേഷ് എന്നിവർ നേതൃത്വം നല്കി.