മുരിയാട് കോൾമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം ; അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ; റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കും
ഇരിങ്ങാലക്കുട : 5000 ത്തോളം എക്കർ വരുന്ന മുരിയാട് കോൾമേഖലയും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര കാർഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം . മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി എസ് രുക്മിണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് രണ്ടരയോടെ കോന്തിപുലത്ത് എത്തിയത്. നെൽകൃഷിയിലെ പ്രശ്നങ്ങൾ പഠിക്കാൻ കുട്ടനാട്, തൃശ്ശൂർ, പാലക്കാട് എന്നിവടങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി വരികയാണ്. മുരിയാട് കോൾ മേഖലയിലെ 45 ഓളം വരുന്ന കർഷക സംഘങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കർഷകൻ മെഹ്ബൂബ് ജോയിൻ്റ് സെക്രട്ടറിക്ക് കൈമാറി. കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, കൂടുതൽ മോട്ടോർ പമ്പുകൾ, ഷെഡ്ഡുകൾ, ട്രാൻസ്ഫോർമറുകൾ, താങ്ങുവില വർധിപ്പിക്കൽ, സംഭരിച്ച നെല്ലിൻ്റെ പണം രണ്ട് ദിവസത്തിനുള്ളിൽ നൽകാനുള്ള സംവിധാനം, ഇൻഷുറൻസ് സംരക്ഷണം, ഇക്കോ ടൂറിസം പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. പ്രശ്നങ്ങൾ പഠിച്ച് കേന്ദ്രസംഘം അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര കാർഷിക കൃഷി ഡെപ്യൂട്ടി കമ്മീഷണർ എ എൻ മേശ്രാം , ഐഐആർആർ സീനിയർ ശാസ്ത്രജ്ഞ ഡോ ദിവ്യ ബാലകൃഷ്ണൻ, ഡോ വി മാനസ , ഡോ എസ് വിജയകുമാർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംയുക്ത കർഷക വേദി രക്ഷാധികാരി കുമ്മനം രാജശേഖരൻ, ഭാരവാഹികളായ സി കൃഷ്ണകുമാർ, ഷാജി രാഘവൻ തുടങ്ങിയവർ സംസാരിച്ചു.















