” കലുങ്ക് സദസ്സ് ” ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിലും; കേന്ദ്രമന്ത്രി അനുവദിച്ച ഫണ്ട് കൊണ്ട് ജനറൽ ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടില്ലെന്ന വിമർശനവുമായി ഭരണകക്ഷി അംഗങ്ങൾ; എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷവും
ഇരിങ്ങാലക്കുട : കേന്ദ്രമന്ത്രിയുടെ കലുങ്ക് ചർച്ചയുടെ ഇഫക്ട് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലും. ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മറ്റൊരു പദ്ധതിക്ക് 50 ലക്ഷം അനുവദിക്കാൻ ഉദ്ദേശിച്ചെങ്കിലും നഗരസഭ ചെയർപേഴ്സൺ താൽപ്പര്യം കാണിച്ചില്ലെന്നുമുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സിലെ വെളിപ്പെടുത്തലുകളാണ് നഗരസഭ യോഗത്തിൽ ചർച്ചാ വിഷയമായത്. ബിജെപി കൗൺസിലർ ടി കെ ഷാജുട്ടനാണ് വിഷയം യോഗത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി അനുവദിച്ച ഒരു കോടി രൂപ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ചെയർപേഴ്സൺ മറുപടി നൽകി. ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ കൗൺസിൽ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും കെട്ടിട നമ്പർ കൊടുക്കേണ്ടത് നഗരസഭയാണെന്നും നടപടിക്രമങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടില്ലെന്നും ഭരണകക്ഷി അംഗം ടി വി ചാർലിയും ഇക്കാര്യത്തിൽ സൂപ്രണ്ടിൽ നിന്ന് വിശദീകരണം ആവശ്യപ്പെടണമെന്ന് ഭരണകക്ഷി അംഗവും ആശുപത്രി സ്ഥിതി ചെയ്യുന്ന വാർഡിലെ കൗൺസിലറുമായ പി ടി ജോർജ്ജും ആവശ്യപ്പെട്ടു. അതേ സമയം വാതിൽമാടം കോളനിക്കായി 50 ലക്ഷം അനുവദിക്കുന്ന വിഷയം താൻ അറിഞ്ഞിട്ടില്ലെന്ന് ചെയർപേഴ്സൺ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച അപേക്ഷ കെ സ്മാർട്ടിൽ നൽകിയിട്ടുണ്ടെന്ന് ടി കെ ഷാജു പറഞ്ഞു. വാതിൽമാടം കോളനിവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നടന്ന് വരികയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും എൽഡിഎഫ് അംഗം സി സി ഷിബിൻ പറഞ്ഞു.
നഗരസഭയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാനുള്ള കരാറുകാരുടെ വിമുഖത യോഗത്തിൽ വീണ്ടും ചർച്ചാവിഷയമായി. മുപ്പതോളം ടെണ്ടർ വിളിച്ചതിൽ ഒരു പ്രവ്യത്തി മാത്രമാണ് ടെണ്ടർ ആയിട്ടുള്ളുവെന്നും ബസ് സ്റ്റാൻ്റ് – എകെപി ജംഗഷൻ റോഡിലെ ടൈൽ വിരിക്കൽ പ്രവൃത്തി മാത്രമാണ് നഗരസഭയിൽ നടക്കുന്നതെന്നും ടി കെ ഷാജു വിമർശിച്ചു. തൻ്റെ വാർഡിൽ എംഎൽഎ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ചിലവഴിച്ച് സാംസ്കാരികനിലയ നിർമ്മാണത്തിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്ന് സി സി ഷിബിനും കുറ്റപ്പെടുത്തി.
നഗരസഭയ്ക്ക് അനുവദിച്ച 2023 – 24 ലെ ഹെൽത്ത് ഗ്രാൻ്റിലെ 1890000 രൂപയ്ക്കുള്ള പദ്ധതികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.















