പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം; ചിൽഡ്രൻസ് പാർക്ക് അടക്കമുള്ള വികസന പ്രവർത്തനങ്ങൾ 21 ലക്ഷം രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം. തദ്ദേശസ്ഥാപനങ്ങളുടെ 2023 – 24, 2024- 25 വർഷങ്ങളിലെ 21 ലക്ഷത്തോളം രൂപ ചിലവഴിച്ച് ചിൽഡ്രൻസ് പാർക്ക്, വാട്ടർ എടിഎം, യൂട്ടിലിറ്റി സെൻ്റർ, നവീകരിച്ച കോൺഫ്രറൻസ് ഹാൾ, വനിതാ ഫിറ്റ്നെസ്സ് സെൻ്റർ എന്നിവ ഒരുക്കിയാണ് കുടുംബാരോഗ്യ കേന്ദ്രം കൂടുതൽ ജന സൗഹൃദ കേന്ദ്രമായി മാറിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാൾ ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷും വാട്ടർ എടിഎം വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപും യൂട്ടിലിറ്റി സെന്റർ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിലും വനിതാ ഫിറ്റ്നസ് സെന്റർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷും ഉദ്ഘാടനം ചെയ്തു. ടി ബി നിശ്ചയൻ പോഷൻ പരിപാടിയുടെ ഭാഗമായി ടി ബി രോഗികൾക്ക് പോഷകാഹാരം നൽകുന്ന പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്തിന് ദേശീയതലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ് ജില്ലാ കളക്ടറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ഏറ്റുവാങ്ങി. സ്റ്റാർ സിംഗർ റണ്ണറപ്പായ സെബാ മൂണിനെ ചടങ്ങിൽ ആദരിച്ചു ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ , മെഡിക്കൽ ഓഫീസർ ഡോക്ടർ കെ എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.