കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം; നിയമനം നടത്താനുള്ള ദേവസ്വം തീരുമാനത്തെ അപലപിച്ച് വാരിയർ സമാജം; ഹൈക്കോടതി വിധി കാലാനുസാരിയെന്ന് സിപിഎം; കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകരുന്ന വിധിയെന്ന് സിപിഐ
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമന വിഷയത്തിൽ വ്യത്യസ്ത പ്രതികരണവുമായി സംഘടനകൾ. കഴക നിയമനം നടത്താനുള്ള ഭരണ സമിതിയുടെ തീരുമാനം അപലപനീയമാണെന്നും സിവിൽ കോടതിയുടെ കണ്ടെത്തലിന് വിധേയമായിട്ടിരിക്കണം കഴക നിയമനം എന്ന കോടതി വിധി നടപ്പിലാക്കാൻ ഭരണസമിതിയ്ക്ക് ബാധ്യത ഉണ്ടെന്നും വാരിയർ സമാജം യൂണിറ്റ് യോഗം വിലയിരുത്തി. പ്രസിഡണ്ട് പി വി രുദ്രൻ അധ്യക്ഷത വഹിച്ചു.
ഹൈക്കോടതി വിധി കാലാനുസാരിയാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും നിയമനം നടത്താൻ നടപടി സ്വീകരിച്ച കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയെ അഭിനന്ദിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സിപിഎം ഇരിങ്ങാലക്കുട എരിയ സെക്രട്ടറി വി എ മനോജ്കുമാർ പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകരുന്നതാണ് വിധിയെന്നും വിഷയവുമായി ബന്ധപ്പെട്ട് എഐവൈഎഫ് , യുവകലാസാഹിതി , എഐഡിആർഎം എന്നീ സംഘടനകൾ സമരം നടത്തിയിരുന്നുവെന്നും നിയമപ്പോരാട്ടം നടത്തിയ ഇരിങ്ങാലക്കുട സ്വദേശിയായ അഡ്വ രഞ്ജിത്ത് തമ്പാനെയും നിയമന ഉത്തരവ് നൽകാൻ തീരുമാനിച്ച ദേവസ്വം ഭരണ സമിതിയെയും അഭിനന്ദിക്കുകയാണെന്നും സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് പ്രസ്താവനയിൽ അറിയിച്ചു.