മഹാമാരിക്കാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കുറിപ്പുകളായി പ്രസിദ്ധീകരിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക്; നാടിൻ്റെ ഗതകാല ചരിത്രത്തിലൂടെയുള്ള സഞ്ചാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : പൗരാണിക -സാംസ്കാരിക നാടായ ഇരിങ്ങാലക്കുടയുടെ ചരിത്രവും കലകളും സമരങ്ങളും വ്യക്തികളും ആഘോഷങ്ങളും വ്യവസായങ്ങളും സൗഹ്യദങ്ങളുമെല്ലാം പ്രമേയമാക്കി സാംസ്കാരിക – സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യമായ അഡ്വ രാജേഷ് തമ്പാൻ രചിച്ച ” മുക്കുടിപുരത്തെ വിശേഷങ്ങൾ ” വായനക്കാരിലേക്ക് . മഹാമാരിക്കാലത്ത് ഫേസ്ബുക്കിലൂടെ കുറിപ്പുകളുമായി പ്രസിദ്ധീകരിക്കുകയും വായനക്കാരുടെ ശ്രദ്ധ നേടുകയും ചെയ്ത രചനകൾ സമാഹരിച്ച് തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുസ്തക പബ്ലിക്കേഷൻസാണ് എഴുത്തുകാരൻ്റെ ജന്മദേശത്തിൻ്റെ ചരിത്രം രേഖപ്പെടുത്തുന്ന മുക്കുടിപുരത്തെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗായത്രി ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് വി ജി അരുൺ കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാറിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. നാടിൻ്റെ സാംസ്കാരിക സവിശേഷതകളെ പ്രോൽസാഹിപ്പിക്കുകയും മാനവികമായ ബോധ്യങ്ങൾ പുലർത്തുകയും ചെയ്യുന്ന അഡ്വ രാജേഷ് തമ്പാൻ്റെ പുസ്തകം നാടിൻ്റെ ഗതകാല ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചൂണ്ടിക്കാട്ടി. പ്രാദേശിക ചരിത്ര രചനയുടെ മികച്ച മാതൃകയാണ് പുസ്തകമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വി എസ് വസന്തൻ, എൻ കെ ഉദയപ്രകാശ്, എം കെ അനിയൻ , അഡ്വ കെ ജെ ജോൺസൻ എന്നിവർ ആശംസകൾ നേർന്നു. അഡ്വ വിശ്വജിത്ത് തമ്പാൻ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.