സണ്ണി സിൽക്ക്സിന് മുൻഭാഗത്തുള്ള തകർന്ന റോഡിൽ ഇൻ്റർലോക്കിംഗ് ടൈലുകൾ ഇടുന്ന പ്രവൃത്തി തുടങ്ങി; നിർമ്മാണ പ്രവർത്തനങ്ങൾ 27.5 ലക്ഷം രൂപ ചിലവഴിച്ച്

ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈലിടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; നിർമ്മാണ പ്രവൃത്തി 27.5 ലക്ഷം രൂപ ചിലവഴിച്ച് ; കാന നിർമ്മാണത്തിനും പദ്ധതി

 

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻ്റ് – സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈൽ വിരിക്കാനുള്ള നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. വർഷങ്ങളായി ഓരോ മഴക്കാലത്തും അപകടക്കുഴികൾ നിറഞ്ഞും തകർന്നും മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയാറുള്ള റോഡ് നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും കാര്യമുണ്ടായിരുന്നില്ല. ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് പട്ടണത്തിലെ പ്രധാന റോഡുകളിൽ ഒന്ന് കൂടിയായ റോഡിൻ്റെ തകർന്ന ഭാഗത്ത് ഇൻ്റർലോക്കിംഗ് ടൈൽ വിരിക്കാൻ നഗരസഭ അധികൃതർ തീരുമാനമെടുത്തത്. ഇതിൻ്റെ മുന്നോടിയായി കഴിഞ്ഞ മാസം അവസാനത്തിൽ റോഡിൽ മെറ്റലിട്ടിരുന്നു. 2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 27.5 ലക്ഷം രൂപ ചിലവഴിച്ച് 98 മീറ്റർ വരുന്ന ഭാഗത്താണ് ടൈലുകൾ വിരിക്കുന്നത്. രണ്ട് പേരായിട്ടാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 20 ദിവസത്തെ നിർമ്മാണ കാലാവധിയാണ് കണക്കാക്കുന്നത്. നിർമ്മാണത്തിൻ്റെ ഭാഗമായി ഇത് വഴി ഗതാഗത നിയന്ത്രണവും എർപ്പെടുത്തിയിട്ടുണ്ട്. റോഡിൻ്റെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ സണ്ണി സിൽക്ക്സിന് മുൻവശത്ത് നിന്ന് അടുത്തുള്ള തോട് വരെ കാന നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് ലക്ഷമാണ് ഇതിൻ്റെ എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

Please follow and like us: