മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി
ഇരിങ്ങാലക്കുട : മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
യുവജനങ്ങളെ കൂടുതലായി കലാകായിക വേദികളിലേക്കും വായനശാലകളിലേക്കും ആകർഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സാഹിത്യ മത്സരങ്ങൾ, നാടൻ പാട്ട് , ഓണക്കളി, എന്നിവയാണ് രണ്ടു ദിവസമായി അരങ്ങേറിയത്.
ടൗണ്‍ഹാളില്‍ നടന്ന നാടന്‍പാട്ട് മത്സരം ഫോക്ക്ലോർ അക്കാദമി ജേതാവ് ഗിരീഷ് മുരിയാട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ കതിരോല ഇരിങ്ങാലക്കുട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാട്ടൂർ എഗറ് കലാസംഘം രണ്ടാം സ്ഥാനവും വെട്ടം ഫോക് ലോർ ബാൻഡ്, ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ സമയ ജൂനിയർ പ്രത്യേക പുരസ്കാരം കരസ്ഥമാക്കി. വിജയികൾക്ക് മന്ത്രി ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് പതിനെട്ട് ടീമുകള്‍ ഓണക്കളി മത്സരത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ ദിലീപ്, മുൻ എംഎൽഎ കെ യു അരുണൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആർ ജോജോ, ബിന്ദു പ്രദീപ്, കെ.എസ് തമ്പി, ടി.വി ലത, ലിജി രതീഷ്, ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സി എൽ ഷൈജു, മുകുന്ദപുരം തഹസിൽദാർ സുമേഷ് സാഹു, എക്സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എൻ ശങ്കർ, കൂടൽമാണിക്യം ചെയർമാൻ സി കെ ഗോപി, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ഗ്രാമിക കലാവേദി പ്രസിഡന്റ് പി.കെ കിട്ടൻ, മധുരം ജീവിതം ഓണക്കളി പ്രോഗ്രാം കൺവീനർ ആർ എൽ ജീവൻലാൽ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. നാടൻ പാട്ട് കലാകാരനും, സംഗീതസംവിധായകനും ഗാനരചയിതാവുമായ ഷൈജു അവറാൻ, സംഗീത സംവിധായകനായ കണ്ണൻ മംഗലത്ത്, ഫോക്ലോർ അവാർഡ് ജേതാവ് ഗിരീഷ് മുരിയാട്, നർത്തകിമാരായ ആവണി രജിത്, ഹൃദ്യ ഹരിദാസ് എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.