നവ്യാനുഭവം പകർന്ന് തിരനോട്ടം അരങ്ങ് 2025; നിറഞ്ഞ സദസ്സിൽ കീചകവധം കഥകളി അവതരണം
ഇരിങ്ങാലക്കുട : ദുബായിലും കേരളത്തിലും കലാസംസ്കാരികപ്രവർത്തനങ്ങൾ നടത്തിവരുന്ന തിരനോട്ടത്തിൻ്റെ നേതൃത്വത്തിൽ ഡോ കെ എൻ പിഷാരടി കഥകളി ക്ലബിൻ്റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അരങ്ങ് 2025 ആസ്വാദകർക്ക് നവ്യാനുഭവമായി.
ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി എസ് രാമസ്വാമിയും ചേർന്ന് കളിവിളക്കു തെളിയിച്ചു.
ക്ലബ് പ്രസിഡന്‍റ് രമേശന്‍ നമ്പീശശൻ,ശശികുമാർ തോട്ടുപുറം, വിനു വാസുദേവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗുരുദക്ഷിണ പുരസ്‌കാരങ്ങൾ കഥകളി നാട്യാചാര്യൻ കലാമണ്ഡലം കെ ജി വാസുദേവൻ,അണിയറശില്പി കോട്ടയ്ക്കൽ കുഞ്ഞിരാമൻ എന്നിവർക്ക് സമ്മാനിച്ചു. തുടർന്ന് കോട്ടയ്ക്കൽ പി എസ് വി നാടൃ സംഘത്തിൻ്റെ നേതൃത്വത്തിൽ കീചകവധം കഥകളി സമ്പൂർണ്ണമായി അവതരിപ്പിച്ചു. നാൽപതോളം കലാകാരന്മാർ ചൊല്ലിയാടിയുറപ്പിച്ച, എട്ടുമണിക്കൂറിലധികം ദൈർഘ്യമേറിയ അവതരണത്തിൽ ജീമൂതമല്ലനായി കോട്ടയ്ക്കൽ ദേവദാസും പ്രധാനകഥാപാത്രമായ കീചകനായി ഡോക്ടർ സദനം കൃഷ്ണൻകുട്ടിയും രംഗത്തെത്തി.