ഉന്നത വിജയം നേടിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ്സ് ക്ലബിൻ്റെ ആദരം ; പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന മികവും വർധിപ്പിക്കാൻ നാനാമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട : ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാനും സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന മികവും വർധിപ്പിക്കാൻ നാനാമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇതിൻ്റെ പ്രതിഫലനം വിദ്യാലയ അന്തരീക്ഷത്തിൽ പ്രകടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അവാർഡ് മീറ്റ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സ്കൂളിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഒരു വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ തിരഞ്ഞെടുത്ത് നൽകിയാൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷോബി കെ പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ, ഹൈസ്കൂൾ പരീക്ഷകളിൽ മികവാർന്ന വിജയം നേടിയ ഇവാന ജെറിന്, അലീന വില്‍സ, ശ്രീബാല വി. എസ്. എന്നിവര്‍ക്ക് മന്ത്രി ഡോ ആര്. ബിന്ദു ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി ജോൺ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹേന കെ. ആര്, ഹൈസ്കൂള്‍ പ്രധാനധ്യാപിക സുഷ കെ. എസ്, പി. ടി. എ പ്രസിഡണ്ട് പി. കെ. അനില്‍കുമാര്‍, പ്രോഗ്രാം കൺവീനര്‍ വി. ആര്. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അഞ്ചുമോന്‍ വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ സി. കെ. രാഗേഷ് നന്ദിയും പറഞ്ഞു.