ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിടണമെന്നും ക്രമക്കേടുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഐ യുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ് ; കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ കണ്ണീർക്കഥകൾ ചമച്ച മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിലെന്നും വിമർശനം.
ഇരിങ്ങാലക്കുട: ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ഭരണസമിതി പിരിച്ച് വിടണമെന്നും ബാങ്കിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം എർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ സഹകരണ സംരക്ഷണ സദസ്സ്. വർഷങ്ങളായി ബാങ്ക് പ്രതിസന്ധിയിലാണ് . ഗോൾഡ് ലോണുകൾ മാത്രമാണ് നൽകി വന്നിരുന്നത്. തുടർച്ചയായ മുന്നറിയിപ്പുകൾക്ക് ശേഷവും സാമ്പത്തിക നില മെച്ചപ്പെടുത്താതെ വന്നപ്പോഴാണ് ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയത്. വഴി വിട്ടും ബാങ്കിൻ്റെ പ്രവർത്തന പരിധി ലംഘിച്ചും നൽകിയ ലോണുകളെക്കുറിച്ച് അന്വേഷണം നടത്തണം. കരുവന്നൂർ ബാങ്കിൽ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ ടൗൺ സഹകരണ ബാങ്കിൻ്റെ കാര്യത്തിലും ഉണ്ടാകണം. കരുവന്നൂർ ബാങ്കിൻ്റെ വിഷയത്തിൽ കണ്ണീർക്കഥകൾ ചമച്ച മാധ്യമങ്ങൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. കരുവന്നൂർ ബാങ്കിനെക്കുറിച്ച് പ്രസംഗ പരമ്പര തന്നെ അഴിച്ച് വിട്ട കോൺഗ്രസ്സ് നേതാവ് ആൻ്റോ പെരുമ്പിള്ളിയുടെ ഭാര്യ ടൗൺ ബാങ്കിലെ ജീവനക്കാരിയാണ് . ബാങ്ക് തകർച്ചയിൽ ആയതോടെ പുതുക്കാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ബാങ്ക് ചെയർമാൻ എം പി ജാക്സൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയിൽ ഹഡ്കോ ലേല നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. ആശുപത്രിയുടെ പ്രവർത്തനത്തിനായി കോടികൾ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടുണ്ടെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സഹകരണ സംരക്ഷണ സദസ്സ് എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു.സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കൗൺസിൽ അംഗം പി. മണി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിത രാധാകൃഷ്ണൻ, എം.ബി ലത്തീഫ്, കെ.കെ ശിവൻ, എ.ജെ ബേബി കെ. എസ് ബൈജു, എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം അസി: സെക്രട്ടറി അഡ്വ പി.ജെ ജോബി സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു.