ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഒടുവിൽ പോലീസ് എയ്ഡ് പോസ്റ്റിന് വഴിയൊരുങ്ങുന്നു; നടപടി താലൂക്ക് വികസന സമിതി യോഗങ്ങളിലെ നിരന്തര സമ്മർദ്ദങ്ങളെ തുടർന്ന്
ഇരിങ്ങാലക്കുട : വിദ്യാർത്ഥികൾ തമ്മിലുള്ള സംഘട്ടനങ്ങൾ അടക്കമുള്ള പ്രശ്നങ്ങളുടെ വേദിയായി മാറിക്കഴിഞ്ഞ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിന് ഒടുവിൽ വഴിയൊരുങ്ങുന്നു. മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങളായി ഉയരുന്ന ആവശ്യം നടപ്പിലാക്കാൻ വൈകുന്നത് വിമർശനങ്ങൾ വിളിച്ച് വരുത്തിയിരുന്നു. വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ വരെ ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആവശ്യപ്പെട്ടു. ബസ് സ്റ്റാൻ്റിൽ കുടുംബശ്രീ സ്റ്റാളിന് അടുത്ത് എയ്ഡ് പോസ്റ്റിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും എസ്റ്റിമേറ്റ് എടുത്ത് നൽകിയിട്ടുണ്ടെന്നും രണ്ടാഴ്ചക്കുള്ളിൽ എയ്ഡ് പോസ്റ്റ് യാഥാർഥ്യമാകുമെന്നും ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു. കഴിഞ്ഞ അഞ്ച് യോഗങ്ങളിലായി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം വേണ്ടി വന്നു നടപടി സ്വീകരിക്കാനെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ വിമർശിച്ചു. എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം നിർണ്ണയിച്ച് തരാൻ പോലീസ് അധികൃതർ വൈകിയതാണ് നീണ്ട് പോകാൻ കാരണമെന്ന് ചെയർ പേഴ്സൺ തുടർന്ന് വിശദീകരിച്ചു. ബസ് സ്റ്റാൻ്റിൽ പോലീസ് – എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന ഉണ്ടാകേണ്ടതുണ്ടെന്ന് യോഗം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട പട്ടണത്തിലെ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ നടപടികൾ ആയിട്ടുണ്ടെന്നും മഴ മാറിയാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുനിസിപ്പൽ പാർക്കിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വൈകീട്ട് 4 മുതൽ 8 വരെ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കഴിഞ്ഞ മാസങ്ങളിൽ ഉയർന്ന പരാതികൾക്ക് മറുപടിയായി ചെയർപേഴ്സൺ അറിയിച്ചു. അപകടക്കുഴികൾ നിറഞ്ഞ ബൈപ്പാസ് റോഡിൻ്റെ നിർമ്മാണത്തിനായി നഗരസഭയിൽ നിന്ന് എസ്റ്റിമേറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെൻ്ററിൽ കോവിഡ് കാലത്ത് നിറുത്തലാക്കിയ സ്റ്റോപ്പുകളിൽ ഒരെണ്ണം ഒഴിച്ച് എല്ലാം പുനസ്ഥാപിച്ചിട്ടുണ്ടെന്നും രണ്ട് ഇൻ്റർസ്റ്റേറ്റ് സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നവകേരള സദസ്സിൽ ഉൾപ്പെടുത്തി ബസ് ബേ കം ഓഡിറ്റോറിയത്തിന് അനുമതി ആയിട്ടുണ്ടെന്നും ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാറളം പഞ്ചായത്തിൽ മുടങ്ങി കിടക്കുന്ന ഫ്ലാറ്റ് പദ്ധതി പൂർത്തീകരിക്കാൻ എസ്റ്റിമേറ്റ് പുതുക്കി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയുടെ ചോദ്യത്തിന് മറുപടിയായി നേരത്തെ മന്ത്രിയുടെ പ്രതിനിധി കൃഷ്ണപ്രസാദ് യോഗത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 4 ൽ സുവർണ്ണ ജൂബിലി മന്ദിരത്തിൽ ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെൻ്റർ ആരംഭിക്കാനുള്ള നിയമപരമായ അനുമതി ലഭിച്ച് കഴിഞ്ഞതായി യോഗത്തിൽ ചെയർപേഴ്സൺ അറിയിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി രതീഷ്, കുമാരി ടി വി ലത, ജോസ് ജെ ചിറ്റിലപ്പിള്ളി, നിഷ ഷാജി, ചാലക്കുടി എംപി, പുതുക്കാട് എംഎൽ എ എന്നിവരെ പ്രതിനിധീകരിച്ച് എ ചന്ദ്രൻ, എ വി ചന്ദ്രൻ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കാർത്തികേയൻ, സാം തോംസൺ, സി യു പ്രിയൻ, റോക്കി ആളുക്കാരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. തഹസിൽദാർ സിമീഷ് സാഹു സ്വാഗതം പറഞ്ഞു