തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; വീട് പൊളിച്ച് നീക്കാൻ നഗരസഭ അധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ഉടമസ്ഥർ

തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്നു; അപകടാവസ്ഥയിലായ വീട് പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നതായി ഉടമസ്ഥർ

ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട നഗരസഭ വാർഡ് 16 ൽ മാർക്കറ്റ് ലിങ്ക് റോഡിലുള്ള വീട് ഭാഗികമായി തകർന്ന് വീണു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വർഷങ്ങളുടെ പഴക്കമുള്ള വീട്ടിൽ ആരും താമസിക്കുന്നില്ല. പുല്ലൂർ സ്വദേശി വിൻസെൻ്റ് മാവേലി, അങ്കമാലി സ്വദേശി വർഗ്ഗീസ് മാവേലി , തുറവൻകാട് സ്വദേശി ജോസ് വീടിൻ്റെ എന്നിവർ അടക്കമുള്ള സഹോദരങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള മൂന്ന് നിലകളിലായിട്ടുള്ള വീടാണിത്. അപകടാവസ്ഥയിലായ വീട് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് മാവേലി വിൻസെൻ്റ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതർ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയതിനെ തുടർന്ന് താലൂക്കിൽ നിന്ന് നഗരസഭ അധികൃതരോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകിയിരുന്നു. വീടിൻ്റെ പുറക് വശമാണ് തകർന്ന് വീണിരിക്കുന്നത്. സമീപത്തായി ഒരു ചായക്കട പ്രവർത്തിക്കുന്നുണ്ട്. വീട് അപകടാവസ്ഥയിൽ ആയതിനാൽ കടയുടെ പ്രവർത്തനം നിറുത്തിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ സ്ഥലത്താണ് ചായക്കട പ്രവർത്തിക്കുന്നത്. വീടിൻ്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഒരു വർഷം മുമ്പ് തന്നെ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നതായി വിൻസെൻ്റ് മാവേലി അറിയിച്ചു. വിവരമറിഞ്ഞ് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചുവെങ്കിലും നഗരസഭയിൽ നിന്നും ആരും എത്തിയില്ലെന്നും ഉടമസ്ഥർ അറിയിച്ചു.

Please follow and like us: