ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്നും ക്രൈസ്തവസമൂഹം ഭാരതമണ്ണിൽ ചെയ്ത ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും രൂപത നേതൃത്വം
ഇരിങ്ങാലക്കുട :ഛത്തീസ്ഗഡിൽ രണ്ട് മലയാളി സന്യാസിനിമാരെ മതപരിവർത്തനത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പേര് പറഞ്ഞ് ജയിലിൽ അടച്ച സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ . ജോളി വടക്കൻ അരമനമുറ്റത്ത് നടന്ന പ്രതിഷേധ സദസ്സിൽ ആവശ്യപ്പെട്ടു. ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. രാജ്യത്ത് ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ കഴിഞ്ഞ് പത്ത് വർഷങ്ങളായി വർധിച്ച് വരികയാണ്. ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂർ സന്ദർശിക്കാൻ ഇത് വരെ സമയം കിട്ടിയിട്ടില്ല. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത കാര്യങ്ങളാണ് ഉത്തരേന്ത്യേയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ക്രൈസ്തവ സമൂഹം ഭാരതമണ്ണിൽ ചെയ്ത ദ്രോഹമെന്താണെന്ന് വ്യക്തമാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ഫാ ജോളി വടക്കൻ ആവശ്യപ്പെട്ടു. തുടർന്ന് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
രൂപത ഡയറക്ടർ ഫാ. ലിജു മഞ്ഞപ്രക്കാരൻ , കത്തിഡ്രൽ.വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, സി. ആർ.ഐ. പ്രസിഡന്റ് ഫാ.ജോയ് വട്ടോളി, രൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് ഊക്കൻ, എന്നിവർ പ്രസംഗിച്ചു. ബിഷപ്പ്സ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ സിസ്റ്റർമാരും വൈദികരും അത്മായരും ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്തു. പ്രതിഷേധ മൗന റാലി നഗരം ചുറ്റി ഠാണാവിലൂടെ കത്തിഡ്രൽ പള്ളിയിൽ സമാപിച്ചു.വികാരി ജനറാൾ മോൺ. വിൽസൻ ഈരത്തറ, പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.റാലിക്ക് കത്തോലിക്ക കോൺഗ്രസ് ജന.സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി എൽ. തൊമ്മാന, ഗ്ലോബൽ സെക്രട്ടറി പത്രോസ് വടക്കുംചേരി, സി. ധന്യ, പി.ആർ.ഒ. ഷോജൻ വിതയത്തിൽ, ടെൽസൺ കോട്ടോളി, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാബു കൂനൻ,ജോസഫ് തെക്കൂടൻ, റീന ഫ്രാൻസീസ്, സി. ഐ. പോൾ, ഡേവിസ് തെക്കിനിയത്ത് എന്നിവർ നേതൃത്വം നൽകി.