മാപ്രാണം ചാത്തൻ മാസ്റ്റർ ഹാൾ; മൂന്നര കോടി രൂപ ചിലവഴിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച ഹാളിൽ ചോർച്ചയുടെ ദൃശ്യങ്ങളും; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

മാപ്രാണം ചാത്തൻ മാസ്റ്റർ ഹാൾ; മൂന്നരക്കോടി ചിലവഴിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച ഹാളിൽ ചോർച്ചയുടെ ദൃശ്യങ്ങളും; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഇരിങ്ങാലക്കുട : പട്ടികജാതി ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട നഗരസഭ നിർമ്മിച്ച പി കെ ചാത്തൻമാസ്റ്റർ ഹാളിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പ്രധാന ഹാളിൽ ചോർച്ച അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. അടുത്ത ദിവസം തന്നെ വിജിലൻസ് ഓഫീസിൽ ഇത് സംബന്ധിച്ച പരാതി നൽകുമെന്ന് ഹാൾ സന്ദർശിച്ച ബിജെപി പൊറത്തിശ്ശേരി എരിയ കമ്മിറ്റി പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ, കൗൺസിലറും മണ്ഡലം സെക്രട്ടറിയുമായ ടി കെ ഷാജുട്ടൻ,എരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യങ്കാവ്, സന്തോഷ് കോഞ്ചാത്ത്, സുരേഷ് തലയിണക്കുന്ന്, ശ്രീജൻ മാപ്രാണം, രമേശ് നായർ എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഇവർ ഹാൾ സന്ദർശിച്ചത്.12000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായി 800 പേർക്ക് ഇരിക്കാവുന്ന ഹാൾ 2023 ഏപ്രിൽ 22ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇഎംഎസ് മന്ത്രിസഭയിലെ മന്ത്രി പി കെ ചാത്തൻ മാസ്റ്ററുടെ പേരിലുള്ള ഹാൾ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമായി മാറിയിരിക്കുകയാണെന്ന് കാട് പിടിച്ച് കിടക്കുന്ന കിണറും പരിസരങ്ങളും മഴയേറ്റ് നശിക്കുന്ന ജനറേറ്ററും അടക്കമുള്ള കാഴ്ചകളിൽ നിന്ന് വ്യക്തമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഹാളിലേക്ക് 350 കസേരകൾ വാങ്ങിയതായിട്ടാണ് കണക്കുകൾ എങ്കിലും 250 എണ്ണം മാത്രമേ ഉള്ളൂവെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. ഭരണകേന്ദ്രങ്ങൾക്ക് താൽപ്പര്യമുള്ള കേന്ദ്രങ്ങളിലേക്ക് ഇവ മാറ്റിയിരിക്കുകയാണ്. പ്രധാന ഹാളിലും ഹാളിലേക്ക് കയറി വരുന്ന ഇടങ്ങളിലും ശക്തമായ മഴ പെയ്താൽ ചോർന്ന് ഒലിക്കുന്ന സാഹചര്യമാണ്. വൈദ്യുതി ഷോക്കിനുള്ള സാധ്യതകളും എറെയാണ്. അഴിമതിക്കും ക്രമക്കേടുകൾക്കുമെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബിജെപി പൊറത്തിശ്ശേരി നേതൃത്വം അറിയിച്ചു.

Please follow and like us: