ഠാണാ – ചന്തക്കുന്ന് റോഡ് വികസനം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട: നീണ്ട് പോയ ഠാണാ- ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി . രാവിലെ പൂതംകുളം ജംഗ്ഷനു സമീപം ഠാണാ ജംഗ്ഷനിലേക്കുള്ള റോഡിന്റെ കിഴക്കു വശം ജെസിബി ഉപയോഗിച്ച് കാടും പടലവും നീക്കി നിരപ്പാക്കി. പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷനില്‍ നിന്നും കിഴക്കുവശം ആശുപത്രി കവാടം വരെയുള്ള ഭാഗത്തെ കാനയും ഫുട്പാത്തും നിര്‍മിക്കുന്നതിനുള്ള അലൈമെന്റ് മാര്‍ക്ക് ചെയ്തു. ഠാണാ ജംഗ്ഷനില്‍ നിന്നും ആശുപത്രി ജംഗ്ഷന്‍ വരെയുള്ള 100 മീറ്റര്‍ ദൂരം പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭ്യമായതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. നേരത്തെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള അനുമതിയും ലഭ്യമായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ടിപി, പൊതുമരാമത്ത്, കെഎസ്ഇബി, ബിഎസ്എന്‍എല്‍ എന്നിവടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. കൊടുങ്ങല്ലൂര്‍- തൃശൂര്‍ സംസ്ഥാനപാത രണ്ടുവരിയിലാണ് നിലവില്‍ കോണ്‍ക്രീറ്റിടുന്നതെങ്കിലും പൂതംകുളം മുതല്‍ ചന്തക്കുന്ന് സെന്റ് ജോസഫ്സ് കോളജ് ഇറക്കം വരെയുള്ള ഭാഗത്ത് 17 മീറ്റര്‍ വീതിയില്‍ നാലുവരിയായിട്ടാണ് റോഡ് നിശ്ചയിച്ചിരിക്കുന്നത്. 14 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിക്കും. ഇതിനുപുറമേ ഇരുവശത്തും ഫുട്ട്പാത്ത്, കൈവരി, റോഡിന്റെ മധ്യത്തില്‍ ഡിവൈഡര്‍, ഗതാഗത സുരക്ഷയ്ക്കുവേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളക്ടറുകള്‍, സൂചനാ ബോര്‍ഡുകള്‍, ദിശാ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും. ഈ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 11 കോടി രൂപ ചെലവ് വരും. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും നാലുവരിയില്‍ റോഡ് നിര്‍മാണത്തിന് കൂടുതല്‍ ചെലവ് വരുമെന്നുള്ളതിനാല്‍ കെഎസ്ടിപി പുതിയ പദ്ധതി സര്‍ക്കാരിനും ബാങ്കിനും സമര്‍പ്പിക്കുകയായിരുന്നു. ഈ പദ്ധതി അംഗീകരിച്ചാണ് ജര്‍മന്‍ ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ഠാണാ- ചന്തക്കുന്ന് റോഡില്‍ യൂട്ടിലിറ്റി പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കാനനിര്‍മാണം, ഫുട്പാത്ത് നിര്‍മാണം, വൈദ്യുതകാലുകളും മറ്റും നീക്കം ചെയ്യല്‍ എന്നിവ നടക്കും.