നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; നഗരസഭ മൈതാനം അലങ്കോലമാക്കിയെന്നും മാലിന്യക്കുഴികൾ കുഴിച്ചതിന് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നും പട്ടണത്തിലെ റോഡുകൾ പാളീസായി കിടക്കുമ്പോൾ ഞാറ്റുവേല നടത്തൽ അല്ല നഗരസഭയുടെ ചുമതലയെന്നും പ്രതിപക്ഷത്തിൻ്റെ നിശിതവിമർശനം
ഇരിങ്ങാലക്കുട : നൃത്തചുവടുകളും ഫാഷൻ ദ്യശ്യങ്ങളും കൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിന് പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുമ്പേ സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടനാണ് ഞാറ്റുവേല മാമാങ്കത്തിൻ്റെ പേരിൽ നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെ തുറന്നടിച്ചത്. മാലിന്യ കുഴികൾ കുത്തി മൈതാനം അലങ്കോലമാക്കിയതിന് ചെയർപേഴ്സനും സെക്രട്ടറിയും മറുപടി പറയണമെന്ന് സിപിഐ അംഗം ആവശ്യപ്പെട്ടു. മൈതാനത്ത് വണ്ടി ഇറക്കിയതിൻ്റെ പേരിൽ KL – 45 പരിപാടിയുടെ സംഘാടകരിൽ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കിയ നഗരസഭ , ഞാറ്റുവേലയുടെ പേരിൽ മൈതാനം താറുമാറാക്കിയെന്നും ഇ ടോയ്‌ലറ്റ് വയ്ക്കാനുള്ള സ്ഥലമല്ല മൈതാനമെന്നും റോഡുകൾ പാളീസായി കിടക്കുമ്പോൾ മാത്യഭൂമിയിലും മനോരമയിലും തീപ്പെട്ടിയുടെ വലുപ്പമുള്ള ഫോട്ടോകൾ വരുത്താൻ വേണ്ടി നടത്തിയ പരിപാടി മാത്രമാണ് ഇതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. കുറെ പേർ സ്റ്റേജിൽ നടക്കുകയും ചാടുകയും ചെയ്തുവെന്നല്ലാതെ പരിപാടി കൊണ്ട് നഗരസഭയ്ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും നഗരസഭയുടെ ചുമതലയിൽ ഉള്ളതല്ല ഞാറ്റുവേല മഹോൽസവ നടത്തിപ്പെന്നും സന്തോഷ് ബോബൻ പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സ്വകാര്യ അഹങ്കാരമായ ഒരു കളിസ്ഥലം കുത്തി നശിപ്പിച്ചതിനെ ആർക്കും ന്യായീകരിക്കാൻ കഴിയില്ലെന്ന് ടി കെ ഷാജു ചൂണ്ടിക്കാട്ടി. പുലർച്ചെ മുതൽ രാത്രി 12 മണി വരെ കായിക വിനോദങ്ങൾക്കും നടത്തതിനുമായി മൈതാനത്തെ ഉപയോഗപ്പെടുത്തുന്നവർക്ക് ഇതിനുള്ള സൗകര്യങ്ങൾ ചെയ്ത് നൽകുകയാണ് നഗരസഭ ചെയ്യേണ്ടതെന്നും ബിജെപി അംഗം പറഞ്ഞു. ഫോട്ടോയിൽ പ്രത്യക്ഷപ്പെടാൻ ഞാറ്റുവേലയുടെ സ്റ്റേജിൽ കയറിയിറങ്ങവരാണ് ഭരണസമിതിയിലെ 40 കൗൺസിലർമാരെന്നും വിമർശനങ്ങൾ തുടർന്ന മാർട്ടിൻ ആലേങ്ങാടൻ പറഞ്ഞു. വിമർശനങ്ങൾക്ക് ഭരണകക്ഷിയിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടായില്ല.
പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ യോഗം ” വീണ്ടും ” തീരുമാനിച്ചു. യോഗത്തിൽ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.