സിപിഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി
ഇരിങ്ങാലക്കുട: ലോക രാജ്യങ്ങൾ വലതുപക്ഷ ശക്തികൾ കയ്യടക്കാൻ ശ്രമിക്കുന്ന ഈ വർത്തമാനകാലത്ത് ഫാസിസത്തിന്റെ വഴികൾ തിരിച്ചറിയാൻ കഴിയാത്തതാണെന്ന് മുൻ എം പി യും സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി എൻ ജയദേവൻ . ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ സംഘാടക സമിതി ഓഫീസ് സി അച്യുതമേനോൻ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യൻ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷകർ എന്ന വ്യാജേന രാജ്യത്തിന്റെ ബഹുസ്വരതയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുന്ന സംഭവവികാസമാണ് ഇന്ന് രാജഭവനിൽ നിന്നും ഉണ്ടായത്. സംസ്ഥാന കൃഷി വകുപ്പ് നടത്താനിരുന്ന പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന ഗവർണറുടെ പിടിവാശി ഇതാണ് തെളിയിക്കുന്നതെന്നും സി എൻ ജയദേവൻ പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ കെ കെ വത്സരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി എസ് സുനിൽകുമാർ, ടി ആർ രമേഷ്കുമാർ, കെ ജി ശിവാനന്ദൻ, ഷീല വിജയകുമാർ ഷീന പറയങ്കാട്ടിൽ, രാഗേഷ് കണിയാംപറമ്പിൽ, മുതിർന്ന നേതാവ് കെ ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറിഎൻ കെ ഉദയപ്രകാശ് , അസി സെക്രട്ടറി പി ജെ ജോബി, ജില്ല വളണ്ടിയർ ക്യാപ്റ്റൻ പി കെ ശേഖരൻ, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി കെ സുധീഷ് സ്വാഗതവും ട്രഷറർ പി മണി നന്ദിയും പറഞ്ഞു.