പെർമിറ്റ് ലംഘനം ; ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച സ്വകാര്യ ബസ്സിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ – തൃപ്രയാർ – പുല്ലുർ ആനുരുളി റൂട്ടിൽ സർവീസ് നടത്തുന്ന കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ഹരിരാമ ബസ്സിനെതിരെയാണ് പരാതികളുടെ അടിസ്ഥാനത്തിൽ നടപടി എടുത്തത്. പുലർച്ചെ അഞ്ച് മണിക്ക് ഇരിങ്ങാലക്കടയിൽ നിന്നും കൊടുങ്ങല്ലൂരിലേക്കും തിരിച്ച് വന്ന് പുല്ലൂർ – ആനുരുളിയിലേക്കും 8.15 ഓടെ തൃപ്രയാറിലേക്കും സർവീസ് നടത്തേണ്ട വണ്ടി ആദ്യത്തെ രണ്ട് ട്രിപ്പുകൾ മുടക്കുന്നതായി എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തി. വണ്ടി കിടന്നിരുന്ന ഉടമസ്ഥൻ്റെ വീട്ടിൽ എത്തിയാണ് നടപടി സ്വീകരിച്ചത്. വണ്ടിക്ക് 10000 രൂപയും ട്രിപ്പ് ഷീറ്റ് ഇല്ലാത്തതിൻ്റെ പേരിലും ലൈസൻസ് പുതുക്കാത്തതിൻ്റെ പേരിലും കണ്ടക്ടർക്ക് 1000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. കണ്ടക്ടർ യൂണിഫോമിലും ആയിരുന്നില്ല. ആദ്യ രണ്ട് ട്രിപ്പുകൾ ലാഭകരമല്ലെന്ന ന്യായമാണ് ബസ് ജീവനക്കാർ പറഞ്ഞതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പെർമിറ്റ് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എംവിഐ പി വി ബിജു, എഎംവിഐ കെ വിപിൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.