ആതുരസേവനം; കുടുംബശ്രീയും നിപ്മറും കൈകോർക്കുന്നു

ആതുരസേവനം ; കുടുംബശ്രീയും നിപ്മറും കൈകോര്‍ക്കുന്നു; സംസ്ഥാനതലത്തിൽ പരിശീലനം നൽകുന്നത് 1000 സ്ത്രീകൾക്ക്

തൃശൂര്‍: വയോജനങ്ങൾ കിടപ്പുരോഗികൾ എന്നിവരെ ശാസ്ത്രീയമായി പരിചരിപ്പിക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനും (നിപ്മര്‍) കൈകോര്‍ക്കുന്നു. ഇത് സംബന്ധിച്ച് കുടുംബശ്രീയും നിപ്മറും ധാരണാ പത്രത്തില്‍ ഒപ്പിട്ടു. സംസ്ഥാനതലത്തില്‍ 1000 സ്ത്രീകള്‍ക്കാണ് നിപ്മര്‍ രോഗീ പരിചരണത്തില്‍ പരിശീലനം നല്‍കുക.

സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം അനുദിനം കൂടിവരികയും ജീവിതം നിലവാരം മെച്ചപ്പട്ടതിനാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്. ഒപ്പം ജീവിതശൈലീരോഗങ്ങളും കൂടി. അണുകുടുംബ വ്യവസ്ഥ വ്യാപകമായതോടെ മുതിര്‍ന്നവരുടെ പരിപാലനത്തിന് വീട്ടില്‍ ആളില്ലാത്ത നിലവന്നു. രോഗം, വാര്‍ദ്ധക്യം തുടങ്ങിയ അവസ്ഥകളില്‍ ശാസ്ത്രീയമായ പരിചരണം നല്‍കാന്‍ പ്രാപ്തരായ പരിപാലകരുടെ അഭാവം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

 

ഒരുമാസം നീണ്ടു നില്‍ക്കുന്ന പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയ പരിശീലന പരിപാടിക്കാണ് നിപ്മര്‍ രൂപം നല്‍കിയിരിക്കുന്നത്. വിഷയാധിഷ്ടിത ക്ലാസുകളും പ്രായോഗിക പരിശീലനവും അടങ്ങുന്നതാണ് പരിശീലനം. 18 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. കുടുംബശ്രീയാണ് പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. പരിശീലനം തികച്ചും സൗജന്യമാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കുടുംബശ്രീ പ്ലേസ്‌മെന്റ് സേവനവും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് നിപ്മർ അധികൃതർ അറിയിച്ചു

Please follow and like us: