വാര്യർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : മെയ് 24, 25 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന വാര്യർ സമാജം 47 -ാം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ മോഹൻദാസ്, ട്രഷറർ വി വി ഗിരീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 ന് പ്രതിനിധി സമ്മേളനത്തെ തുടർന്ന് 4.15 ന് ചേരുന്ന സാംസ്കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സമാജം എർപ്പെടുത്തിയ പ്രഥമ ഉണ്ണായി വാര്യർ പുരസ്കാരം കലാമണ്ഡലം ഗോപി ആശാനും എൻ വി കൃഷ്ണവാര്യർ അവാർഡ് കവി കെ വി രാമകൃഷ്ണനും സമർപ്പിക്കും. 25 ന് രാവിലെ 9 ന് സാംസ്കാരിക ഘോഷയാത്ര, 9.30 ന് മെഗാതിരുവാതിര, 10. 15 ന് വനിതാസംഗമം, 11. 30 ന് യുവജനസംഗമം എന്നിവയാണ് പരിപാടികൾ. 12 . 30 ന് ചേരുന്ന സമാപന സമ്മേളനം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 1200 ഓളം പേർ പങ്കെടുക്കും. കോ- ഓഡിനേറ്റർ എ സി സുരേഷ്, ജില്ലാ പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണവാര്യർ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു