നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ച പുളിക്കലച്ചിറ പാലം സന്ദർശിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘം; ദുർബലമെന്ന് കണ്ടെത്തിയ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ അനുമതി; നാലമ്പലയാത്ര സുഗമമാക്കാൻ ബണ്ട് റോഡ് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
ഇരിങ്ങാലക്കുട : നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ച പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം പിഡബ്ലൂഡി ഉന്നതതല സംഘം സന്ദർശിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ് (കോഴിക്കോട്) , എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എം സ്വപ്ന ( എറണാകുളം),അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ഡി ഹരിത, എ ഇ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഉച്ചയോടെയാണ് സ്ഥലം സന്ദർശിച്ചത്. പാലത്തിൻ്റെ പില്ലർ ക്യാപ്പ് കോൺക്രീറ്റിംഗ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് കഴിഞ്ഞ ആഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ചത്. ഗ്രേഡിംഗിൽ ദുർബലമെന്ന് കണ്ടെത്തിയ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കാൻ വല്ലക്കുന്ന് സ്വദേശിയായ കരാറുകാരൻ ഡേവീസിന് ഉദ്യോഗസ്ഥ സംഘം നിർദ്ദേശം നൽകി. അതേ സമയം നാലമ്പല തീർഥാടകർ എറെ ആശ്രയിക്കുന്ന റോഡിലുള്ള പാലത്തിനോട് ചേർന്നുള്ള ബണ്ട് റോഡ് ശക്തിപ്പെടുത്താനും നാലമ്പലയാത്ര സുഗമമാക്കാനുമാനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും റെസ്റ്റ് ഹൗസിൽ സന്ദർശനത്തിന് ചേർന്ന യോഗത്തിന് ശേഷം ഉദ്യോഗസ്ഥർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ബണ്ട് റോഡ് ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ പില്ലർ ക്യാപ്പ് പൊളിച്ച് നീക്കുന്ന പ്രവൃത്തികളും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.പടിയൂർ, പൂമംഗലം പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 31 നാണ് 1. 62 കോടി രൂപ ചിലവിൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.