നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തി; പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു.
ഇരിങ്ങാലക്കുട : നിർമ്മാണ പ്രവൃത്തിയിൽ ന്യൂനതകൾ കണ്ടെത്തിയതിനെ തുടർന്ന് പടിയൂർ- പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തി വച്ചു. നാലമ്പല തീർഥാടകർ എറെ ആശ്രയിക്കുന്ന റോഡിലുള്ള പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പേ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ നിർമ്മാണ പ്രവൃത്തികൾ നിറുത്തി വയ്ക്കേണ്ടി വന്നത് തിരിച്ചടിയായി. പാലത്തിൻ്റെ മൂന്ന് പൈലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൈൽ ക്യാപ്പിലൊന്നിൻ്റെ പരിശോധനയിൽ പിഡബ്ല്യു നിഷ്കർഷിക്കുന്ന ഗുണ നിലവാരമില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് എതാനും ദിവസങ്ങൾക്ക് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വച്ചത്. ഒരു കോടി 62 ലക്ഷം രൂപ ചിലവിൽ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ആഗസ്റ്റ് 31 നാണ് ആരംഭിച്ചത്. വല്ലക്കുന്ന് സ്വദേശിയായ ടി എ ഡേവിസാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഗുണ നിലവാരം കുറവെന്ന് കണ്ടൈത്തിയ ഭാഗം പൊളിച്ച് നീക്കി ഉടൻ തന്നെ പുനർനിർമ്മിക്കുമെന്നും ഇതിനുള്ള അനുമതി ലഭിച്ച് കഴിഞ്ഞതായും പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ജൂലൈ മാസത്തിൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥാടനത്തിന് മുമ്പായി പാല നിർമ്മാണം പൂർത്തിയാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. തീർത്ഥാടന യാത്രയ്ക്ക് തടസ്സം നേരിടാതിരിക്കാൻ വേണ്ടി പാലത്തോട് ചേർന്നുള്ള ബണ്ട് റോഡ് ഉയരം കൂട്ടി ശക്തപ്പെടുത്താനും വെള്ളം ഒഴുകി പോകാനുള്ള കൂടുതൽ പൈപ്പുകൾ സ്ഥാപിക്കാനും ചണ്ടികൾ അടിയന്തരമായി നീക്കം ചെയ്യാനുമുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.