കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് ഇന്ന്
ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നകരമണ്ണ് നാരായണൻ നമ്പൂതിരിയാണ്കൊടിയേറ്റം നിർവഹിച്ചത്. മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. താന്ത്രികച്ചടങ്ങിന് പ്രാധാന്യം നൽകുന്ന ഉൽസവത്തിൽ ആചാര്യവരണച്ചടങ്ങിന് ശേഷമാണ് കൊടിയേറ്റം നടന്നത്. തന്ത്രി കുടുംബങ്ങളിലെ അംഗങ്ങൾക്ക് കൂറയും പവിത്രവും നൽകി സ്വീകരിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കുളമൺ മൂസ്സാണ് ചടങ്ങ് നിർവഹിച്ചത്. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച കൂർച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവ ആവാഹിച്ച് പൂജിച്ചു. തുടർന്ന് പാണികൊട്ടി പുറത്ത് വന്ന് കൊടിമര പ്രദക്ഷിണം ചെയ്ത് പൂജ നടത്തി കൊടിയേറ്റം നിർവഹിച്ചു. ഉൽസവത്തോടനുബന്ധിച്ച് ഭഗവാൻ ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് വെള്ളിയാഴ്ച രാത്രി 9.30 ന് നടക്കും. ഇതോടെ ആദ്യത്തെ വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും.