ഇരിങ്ങാലക്കുട കളത്തുംപടി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും നവീകരണ കലശവും ഏപ്രിൽ 23 മുതൽ
ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും പുനപ്രതിഷ്ഠയും നവീകരണകലശവും 2025 ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടക്കും. ഏപ്രിൽ 30ന് പുനപ്രതിഷ്ഠയും മെയ് 3ന് നട തുറപ്പുമായി 11 ദിവസം നീണ്ടുനിൽക്കുന്ന താന്ത്രിക ക്രിയകൾക്ക് ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കുമെന്ന് നവീകരണസമിതി രക്ഷാധികാരി നളിൻ ബാബു,ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട്, ക്ഷേത്രക്ഷേമ സമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പോല പതിപ്പിച്ച നാലുകെട്ട് മാതൃകയിലുള്ളതാണ്. ക്ഷേത്രനിർമാണത്തിനും അനുബന്ധ ചെലവുകൾക്കുമായി 80 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്.
ഏപ്രിൽ 21 രാവിലെ 9 മണിക്ക് കലവറ നിറക്കൽ നടക്കും.
23 മുതൽ മെയ് 3 വരെ എല്ലാ ദിവസവും രാവിലെ എട്ടിന് സോപാനസംഗീതവും 9 മുതൽ പടിഞ്ഞാറേക്കര എൻ എസ് എസ് കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ദേവീ ഭാഗവത പാരായണവും ഉച്ചയ്ക്ക് 12:30ക്ക് പ്രസാദൂട്ടും നടക്കും. 11 ദിവസവും 18 മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നവീകരണകലശവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്നത്.
ക്ഷേത്ര കലകളായ ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, കുറത്തിയാട്ടം, ചാക്യാർകൂത്ത്, പാഠകം, സോപാനസംഗീതം, ബ്രാഹ്മിണിപ്പാട്ട് തുടങ്ങിയവയും അക്ഷരശ്ലോക സദസ്സ്, മൃദംഗ മേള, കഥകളി എന്നിവയ്ക്ക് പുറമേ തെക്കൻ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന പടയണി, കുത്തിയോട്ടം മധ്യകേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ നടക്കുന്ന ആചാരപ്രധാനമായ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പാവക്കഥകളി, ഭരതനാട്യം, ഒഡീസി , തിരുവാതിരക്കളി, നൃത്ത്യനൃത്യങ്ങൾ, ഭജന, തായമ്പക, ബാലെ, പഞ്ചാരിമേളം, പ്രാദേശിക ആഘോഷ സമിതികളുടെ നേതൃത്വത്തിലെ താലിവരവും നടക്കും.
23ന് വൈകിട്ട് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നവീകരണ സമിതി ചെയർമാൻ തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ നിർവഹിക്കും.പത്രസമ്മേളനത്തിൽ നവീകരണ സമിതി അംഗങ്ങളായ ഇ.ജയരാമൻ, കൃഷ്ണകുമാർ ടി. എൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആശാ സുരേഷ്, ട്രഷറർ വിജയൻ ചിറ്റേത്ത്, കിഷോർ പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.