ഇരിങ്ങാലക്കുടയിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50000/- (പതിമൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപ), തലോർ സ്വദേശിയിൽ നിന്ന് 100000/- (ഒരു ലക്ഷം രൂപ), കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് 1500000/- (പതിനഞ്ച് ലക്ഷം രൂപ), ഇരിങ്ങാലക്കുട സ്വദേശിയിൽ നിന്ന് 550000/- (അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ) എന്നിങ്ങനെ സ്ഥിര നിക്ഷേപം ആയി വാങ്ങിയ ശേഷം പലിശ നൽകാതെയും നിക്ഷേപിച്ച പണം തിരികെ നൽകാതെയും തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളും സ്ഥാപനത്തിൻ്റെ മാനേജരുമായ മുട്ടിത്തടി സ്വദേശിനിയായ അറക്കൽ വീട്ടിൽ ജീവലതയെ (39 വയസ്സ്) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ജീവലതയെ മുട്ടിത്തടിയിലുള്ള വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് വന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ജീവലതയെ റിമാന്റ് ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, പ്രസന്നകുമാർ, എ.എസ്.ഐ. മാരായ സുനിത, ഷാബു, സി.പി.ഒ.മാരായ സിജു, ജോവിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.