ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമല്ലാതെ തുടരുന്ന പദ്ധതികളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം; ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പിൽ തിരിമറികൾ നടന്നതായും ആരോപണം

ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമല്ലാതെ തുടരുന്ന പദ്ധതികളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം;ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പിൽ തിരിമറികൾ നടന്നതായും ആരോപണം.

ഇരിങ്ങാലക്കുട : കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും പ്രവർത്തന സജ്ജമാകാതെ തുടരുകയും ചെയ്യുന്ന പദ്ധതികളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. ചെറിയ കാലത്തെ പ്രവർത്തനത്തിന് ശേഷം അടച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കാര്യത്തിൽ തിരിമറി നടന്നിട്ടുണ്ടെന്നും റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നടത്തിപ്പുകാരൻ മൂന്ന് ലക്ഷം രൂപ ഇനിയും അടയ്ക്കാനുണ്ടെന്നും ബിജെപി അംഗം ടി കെ ഷാജു ചൂണ്ടിക്കാട്ടി. ഷീ ലോഡ്ജിലെ മുറികളുടെ ലേല വിഷയത്തിൽ പ്രയോഗിക സമീപനം സ്വീകരിക്കണമെന്നും ഉയർന്ന വാടക നിരക്കുകൾ തീരുമാനിച്ചത് കൊണ്ട് ലേലം കൊള്ളാൻ ആരും വന്നിട്ടില്ലെന്നും ടി കെ ഷാജു പറഞ്ഞു. തട്ടുകടയേക്കാൾ മോശം സാഹചര്യത്തിലാണ് ടേക്ക് എ ബ്രേക്ക് നടത്തിയിരുന്നതെന്നും ഉയർന്ന വാടക കിട്ടുമെന്നാണ് അന്നത്തെ ചെയർപേഴ്സൺ അവകാശപ്പെട്ടിരുന്നതെന്നും നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കാൻ തങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണെന്നും കഴിഞ്ഞ പത്ത് വർഷത്തെ ഭരണ പരാജയമാണ് ഇവയുടെ പരാജയത്തിൽ വ്യക്തമാക്കുന്നതെന്നും എൽഡിഎഫ് സി സി ഷിബിനും കുറ്റപ്പെടുത്തി.

ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി ലോൺ എടുക്കുന്നതിനായി സർക്കാരിൻ്റെ അനുമതി തേടാൻ യോഗം തീരുമാനിച്ചു. കോംപ്ലക്സിൻ്റെ നിർമ്മാണ പ്രവ്യത്തികൾ എങ്ങുമെത്തിയിട്ടില്ലെന്ന് വ്യക്തമാണെന്നും ഹൈക്കോടതിയിൽ കള്ള സത്യവാങ്മൂലം നൽകി ഹാൾ നിർമ്മാണത്തിൻ്റെ പേരിൽ പത്തോളം കച്ചവടക്കാരെ ധ്യതി പിടിച്ച് ഒഴിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. കച്ചവടക്കാരെ ഒഴിപ്പിക്കാൻ കൗൺസിൽ ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്നും സന്തോഷ് ബോബൻ പിന്നീട് അഭിപ്രായം മാറ്റുകയായിരുന്നുവെന്നും ഭരണകക്ഷി അംഗം ടി വി ചാർലി പറഞ്ഞു.

തൊട്ടടുത്ത പഞ്ചായത്തുകളിലെ പ്രവ്യത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നുണ്ടെന്നും നഗരസഭതല പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ലെന്നും യോഗാരംഭത്തിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി വരികയാണെന്ന് അധ്യക്ഷത വഹിച്ച ചെയർപേഴ്സൺ വിശദീകരിച്ചു.

Please follow and like us: