അരങ്ങ് 2024; ഇരിങ്ങാലക്കുട സിഡിഎസ് – 2 ജേതാക്കൾ ..
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ക്ലസ്റ്റര്‍തല കുടുംബശ്രീ ദ്വിദിന കലോൽസവത്തിൽ ഇരിങ്ങാലക്കുട സിഡിഎസ് നമ്പർ രണ്ട് 96 പോയിൻ്റ് നേടി ജേതാക്കളായി. 74 പോയിൻ്റ് നേടി കാട്ടൂർ സിഡിഎസ് രണ്ടാം സ്ഥാനവും 57 പോയിൻ്റ് നേടി കാറളം സിഡിഎസ് മൂന്നാം സ്ഥാനവും നേടി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന കലോത്സവത്തില്‍ പടിയൂര്‍, പൂമംഗലം, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍, വേളൂക്കര, ഇരിങ്ങാലക്കുട-1, കാറളം കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര, ഇരിങ്ങാലക്കുട- 2 എന്നീ കുടുംബശ്രീ സിഡിഎസുകള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ബ്ലോക്ക് ക്ലസ്റ്റര്‍തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി. കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ കുടുംബശ്രീ സിഡിഎസ്-1 ചെയര്‍പേഴ്‌സണ്‍ പുഷ്പവതി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എ. കവിത ഓവറോള്‍ ട്രോഫി നല്‍കി. മറ്റ് സമ്മാനങ്ങള്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ സെക്രട്ടറി എം. ഷാജിക് വിതരണം ചെയ്തു.