
ത്യശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് അപകടങ്ങൾ; സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം …

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റ വിഷയം കോൺഗ്രസ്സ് പ്രതിനിധി ആന്റോ പെരുമ്പിള്ളിയാണ് യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. പോലീസും മോട്ടോർ വാഹന വകുപ്പും കാഴ്ചക്കാരായി മാറിയിരിക്കുകയാണെന്നും വിമർശനം ഉയർന്നു. സമയ ക്രമത്തിന്റെ പേരിൽ കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള തർക്കങ്ങളും ചർച്ചാ വിഷയമായി. തുടർന്നാണ് വിഷയങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർദ്ദേശം നൽകിയത്. കാട്ടൂർ റൂട്ടിലെ വിഷയം അനന്തമായി നീട്ടി കൊണ്ട് പോകാൻ കഴിയില്ലെന്നും ബസ്സ് ഉടമകളുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ബസ്സുകളുടെ വേഗത നിയന്ത്രിക്കാൻ പരിശോധനകളും പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. സ്കൂളുകളുടെ മുന്നിൽ ബസ്സുകൾ പലപ്പോഴും നിറുത്താൻ തയ്യാറാകുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുകുന്ദപുരം താലൂക്കിൽ എൽഎ ഓഫീസ് ആരംഭിച്ചുവെങ്കിലും താലൂക്കിൽ താമസിക്കുന്നവർക്ക് പട്ടയ സംബന്ധമായ വിഷയങ്ങൾക്ക് ഇപ്പോഴും തൃശ്ശൂരിൽ പോകേണ്ട അവസ്ഥയാണെന്ന് മുസ്ലീം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീൻ പറഞ്ഞു.
പടിയൂർ പഞ്ചായത്തിൽ കൂത്തുമാക്കൽ ഷട്ടറിന് കിഴക്ക് വശം രണ്ട് സ്ലൂയീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. സാങ്കേതിക വിഷയത്തെ തുടർന്ന് ബിൽ അടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം റേഷൻ കടകൾ അടച്ചിട്ടതെന്നും വിഷയം പരിഹരിച്ച് കഴിഞ്ഞതായും സപ്ലൈ ഓഫീസർ അറിയിച്ചു. തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനത്തിന്റെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ സാഹചര്യത്തിൽ കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന് മുന്നിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് തമ്പി സീമ പ്രേംരാജ്, ടി വി ലത, പുതുക്കാട് എംഎൽഎ യുടെ പ്രതിനിധി എ വി ചന്ദ്രൻ , മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.















