കൊരട്ടി പോലീസ് സ്റ്റേഷന് ഐഎസ്ഒ പദവി;അംഗീകാരം കിട്ടുന്ന ജില്ലയിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ

കൊരട്ടി പോലീസ് സ്റ്റേഷന് ഐഎസ്ഒ പദവി;അംഗീകാരം കിട്ടുന്ന ജില്ലയിലെ ആദ്യത്തെ പോലീസ് സ്റ്റേഷൻ


തൃശൂർ: ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി കൊരട്ടി പോലീസ് സ്റ്റേഷൻ മാറി. സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. പോലീസ് സ്റ്റേഷനിൽ ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തികളും കുറ്റാന്വേഷണം, ക്രമസമാധാന പാലനം, പൊതുജനസമാധാനം ഉറപ്പു വരുത്തൽ, മയക്കു മരുന്ന് തടയുന്നതിലും കണ്ടെത്തി പിടികൂടുന്നതിലും, വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ വരുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ഐഎസ്ഒ അധികൃതർ സർട്ടിഫിക്കറ്റ് നൽകുന്നത്.
ജനങ്ങളുടെ പരാതികൾക്ക് കാലതാമസം കൂടാതെയുള്ള പരിഹാരവും സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, വായന സൗകര്യം, വിദ്യാർഥികളും പൊതുജനങ്ങളുമായുള്ള ആശയ വിനിമയം, സ്റ്റേഷൻ പരിധികളിലെ രണ്ടു ഹൈസ്കൂളുകളിൽ സ്റ്റുഡന്‍റ്സ് പോലീസ് സംവിധാനത്തിലൂടെ നേടിയ പ്രശംസ എന്നിവയും പരിഗണിച്ചിട്ടുണ്ട്. കൂടാതെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ പ്രധാന ജംഗ്ഷനുകളിൽ പോലീസിന്‍റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ശീതീകരണ സംവിധാനവും, പോലീസുകാർക്കായിട്ടുള്ള റിഫ്രഷ്മെന്‍റ് ഏരീയ, മത്സ്യം വളർത്തൽ, അടുക്കളതോട്ടം, തൊണ്ടിമുതലുകളിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു കൊണ്ടുള്ള സംവിധാനവും അധികൃതരുടെ ശ്രദ്ധ നേടി.
ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പാഥേയം, പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പോലീസുകാരുടെ ജീവിത ശൈലി രോഗങ്ങൾക്ക് ആവശ്യമായ ചികിത്സ സംവിധാനവും ഏറെ ശ്രദ്ധ നേടി.
മൂന്നു മാസമായി ഐഎസ്ഒ അധികൃതർ പല തവണ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നുസ്റ്റേഷനിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കിയാണ് കൊരട്ടി പോലീസ് സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരമുള്ള ഐഎസ്ഒ സർട്ടിഫൈഡ് സ്റ്റേഷനായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചത്.
എസ്പി ഐശ്വര്യ ഡോംഗ്രേ, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ എന്നിവർ സ്റ്റേഷന് നൽകിയ നിർദ്ദേശങ്ങൾ ഈ നേട്ടത്തിന് സഹായകരമായി.

Please follow and like us: