കെട്ടിടത്തിൻ്റെ ” താക്കോൽ ” കാണാനില്ല” ; കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി

കെട്ടിടത്തിൻ്റെ താക്കോൽ ” കാണാനില്ല ” ; കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൂടൽമാണിക്യം ദേവസ്വം വക സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം വക ഠാണാവിലുള്ള സംഗമേശ്വര കോംപ്ലക്സിൻ്റെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ എത്തിയ പൊതുമരാമത്ത് സംഘം പരിശോധന നടത്താൻ കഴിയാതെ മടങ്ങി. കോംപ്ലക്സിൻ്റെ താക്കോൽ ” കാണാനില്ല ” എന്ന മറുപടിയാണ് രാവിലെ പത്തിന് തന്നെ സ്ഥലത്ത് എത്തിയ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർക്ക് ദേവസ്വം ജീവനക്കാരനിൽ നിന്നും ലഭിച്ചത്. കെട്ടിട നിർമ്മാണത്തിനായി തൻ്റെ കയ്യിൽ നിന്നും 1, 63, 80, 000 രൂപ ദേവസ്വം കൈപ്പറ്റിയെന്നും എന്നാൽ സമയ ബന്ധിതമായി കെട്ടിടനിർമ്മാണം പൂർത്തീകരിക്കാത്തതിൻ്റെ പേരിലും നിർമ്മാണത്തിൽ ഉണ്ടായ കുറവുകളുടെ പേരിലും കെട്ടിടം ഉപയോഗിക്കാനോ വാടകയ്ക്ക് കൊടുക്കാനോ കഴിഞ്ഞില്ലെന്നും പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിയുമായ കാക്കര ജനാർദ്ദനൻ കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കോംപ്ലക്സിലെ നിർമ്മാണത്തിലെ അപാകതകൾ പരിശോധിക്കാൻ ഇരിങ്ങാലക്കുട സബ് കോടതി ഉത്തരവിട്ടത്. പതിനൊന്ന് മണി വരെ കെട്ടിട വിഭാഗം അസി. എഞ്ചിനീയർ സുജേഷ് പി എസ്, ഓവർസീയർമാരായ സരിജ, നീതു എന്നിവർ കാത്ത് നിന്നെങ്കിലും കെട്ടിടത്തിൻ്റെ താക്കോലുമായി ദേവസ്വത്തിൽ നിന്നും ആരും എത്തിയില്ല. ഇത് സംബന്ധിച്ച നോട്ടീസ് ദേവസ്വം അധികൃതർക്ക് നേരത്തെ തന്നെ നൽകിയിരുന്നതായി ഹർജിക്കാരൻ്റെ അഭിഭാഷകരായ അഡ്വ മഹേഷ് മേനോൻ അറിയിച്ചു. പരിശോധന നടത്താൻ കഴിയാത്ത സാഹചര്യം വിശദീകരിച്ച് കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഹർജിക്കാരനായ കാക്കര ജനാർദ്ദനനും സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: