” സ്നേഹക്കൂട് ” ഭവന പദ്ധതി; നാലാമത്തെ വീടിൻ്റെ നിർമ്മാണവും പൂർത്തിയായി; നടവരമ്പിലെ നാടൻ പാട്ട് കലാകാരൻ്റെ കുടുംബത്തിന് ഒടുവിൽ വീടെന്ന സ്വപ്നം യാഥാർഥ്യമായി.
ഇരിങ്ങാലക്കുട : വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങൾ.
അവർക്കായി ഒരുക്കിയ സ്‌നേഹക്കൂട് വീടിന്റെ ഗൃഹപ്രവേശം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.
“സ്‌നേഹക്കൂട്”ഭവന പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണമാണ് ഇതോടെ പൂർത്തിയായത്.
നടവരമ്പ് അംബേദ്കര്‍ കോളനിയിലെ പരേതനായ നാടന്‍പാട്ട് കലാകാരനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് സ്‌നേഹക്കൂടിലൂടെ ആശ്വാസ തണല്‍ ഒരുങ്ങിയത്.
നടവരമ്പ് സ്‌കൂളിലെ വി എച്ച് എസ് ഇ, ഹയര്‍സെക്കന്ററി, എല്‍ പി എന്നീ ക്ലാസുകളിലാണ് മൂന്ന് സഹോദരങ്ങള്‍ പഠിക്കുന്നത്. മൂന്ന് കുട്ടികളെയും ഏറെ കഷ്ടപ്പെട്ടാണ് അമ്മയായ സജിനി നോക്കിവരുന്നത്. ഇരിങ്ങാലക്കുട നടവരമ്പ് ഗവ മോഡല്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ എന്‍.എസ്.എസ് (നാഷണൽ സർവ്വീസ് സ്കീം) യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌നേഹക്കൂട് ഒരുക്കിയത്.
കല്ലംകുന്നിൽ നിർമ്മിച്ച വീടിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദീലീപ് മുഖ്യാതിഥിയായിരുന്നു. ഭവന നിർമ്മാണം ഏറ്റെടുത്ത സുരേഷ് അമ്മനത്ത്, ഇംഗ്ലീഷ് അധ്യാപികയും ദീർഘകാലം നടവരമ്പ് സ്കൂളിലെ എൻ.എസ് എസ് കോർഡിനേറ്ററുമായിരുന്ന ഷക്കീല ടീച്ചർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് മെമ്പർ മാത്യു പാറേക്കാടൻ ,ജില്ലാ എൻ. എസ് എസ് പ്രതിനിധികളായ ഡോ. ബിനു ടി വി , രേഖ ഇ ആർ ,പി ടി എ പ്രസിഡന്റ് ശ്രീഷ്മ സലീഷ് , ഒ.എസ്.എ പ്രസിഡന്റ് പ്രദീപ് മേനോൻ ,ടി.എസ്. സജീവൻ മാസ്റ്റർ, അരവിന്ദാക്ഷൻ മാസ്റ്റർ പ്രിൻസിപ്പാൾ പ്രീതി.എം.കെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ് സുമ എന്നിവർ സംസാരിച്ചു.