ലോഗോയും പ്രവർത്തനങ്ങളുമായി ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ്; ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ജനുവരിയിൽ ഓൾ കേരള ഇൻ്റർ ക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ; അണിനിരക്കുന്നത് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന എട്ട് പ്രമുഖ ടീമുകൾ
ഇരിങ്ങാലക്കുട: ദേശീയ- അന്തർദേശീയ ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കുകയും പതിനഞ്ച് വർഷത്തോളം സജീവമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒളിമ്പ്യൻ ഫുട്ബോൾ ക്ലബ് വീണ്ടും പട്ടണത്തിൽ സജീവമാകുന്നു. 1973 ല്‍ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച രൂപീകരിച്ച ഒളിമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലാണ് ഒളിമ്പ്യന്‍ സ്‌പോട്ടിംഗ് എഫ്സി എന്ന പേരിൽ പുനരവതരിക്കുന്നത്. ക്ലബിലൂടെ ഉദയം കൊണ്ട സന്തോഷ് ട്രോഫി മുന്‍ താരങ്ങളായ ഇട്ടിമാത്യു, എം.കെ. പ്രഹ്‌ളാദന്‍, എ.വി. ജോസഫ്, സി.പി. അശോകന്‍, തോമസ് കാട്ടൂക്കാരന്‍, കെ.ജെ. ഫ്രാന്‍സീസ് എന്നിവരുടെ നേതൃത്വത്തിലാണ് പുനർജന്മം നൽകുന്നത്.ക്ലബ്ബിൻ്റെ ലോഗോവിൻ്റെ പ്രകാശനം സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന്റെ ഓര്‍മ്മയ്ക്കായി ജനുവരിയില്‍ സംഘടിപ്പിക്കുന്ന ഒളിമ്പ്യന്‍ ഒ. ചന്ദ്രശേഖരന്‍ മെമ്മോറിയല്‍ ഓള്‍ കേരള ഇന്റര്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. 2026 ജനുവരി മൂന്നാം വാരത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന എട്ട് പ്രമുഖ ടീമുകൾ അണിനിരക്കും. ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി റോയ് കുര്യൻ, എൻ കെ സുബ്രമണ്യൻ, പ്രൊഫ സ്റ്റാലിൻ റാഫേൽ, പ്രൊഫ സി വി ഫ്രാൻസിസ്, കെ അജി, ഡോ അരുൺ ബാലകൃഷ്ണൻ , തുടങ്ങിയവർ പങ്കെടുത്തു.















