ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുന്നിലുള്ള അപകട കുഴികൾക്ക് ഒടുവിൽ മോചനമാകുന്നു; ഇൻ്റർലോക്ക് ടൈലുകൾ വിരിച്ച് റോഡ് പുനർനിർമ്മിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഇരിങ്ങാലക്കുട : യാത്രക്കാർക്ക് മാസങ്ങൾ നീണ്ട തീരാദുരിതം സമ്മാനിക്കുകയും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങളും നഗരസഭ അധികൃതർ ഏറ്റുവാങ്ങിയ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റ് സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുമ്പിലുള്ള അപകടക്കുഴികൾക്ക് മോചനമാകുന്നു. കുഴികൾ നിറഞ്ഞ് കിടന്നിരുന്ന റോഡിൻ്റെ തകർച്ച മെയ് മാസം അവസാനത്തോടെ മഴ കനത്തതോടെ പൂർണ്ണമാവുകയായിരുന്നു. ഇരിങ്ങാല ” ക്കുഴി ” കൾ എന്ന് സമൂഹമാധ്യമങ്ങൾ ഓമനപ്പേരിട്ട് വിളിച്ച കുഴികളിൽ ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണ് സംഭവിച്ച അപകടങ്ങളും എറെ. കഴിഞ്ഞ അഞ്ച് വർഷങ്ങളായി മഴക്കാലത്ത് സണ്ണി സിൽക്ക്സ് റോഡ് കുഴികളിൽ നിറയുമ്പോൾ താത്കാലിക അറ്റകുറ്റപ്പണികളുമായി എത്തിയിരുന്ന ചരിത്രം ഇത്തവണയും ആവർത്തിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഈയിനത്തിൽ മാത്രം നഗരസഭ അധികൃതർ ലക്ഷങ്ങളാണ് പൊടിപൊടിച്ചത്. ശാശ്വത പരിഹാരമായി ഇൻ്റർലോക്ക് ടൈൽ വിരിക്കാനും റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ അടുത്തുള്ള തോട് വരെ കാന നിർമ്മിക്കാനുമാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുത്തി 27.5 ലക്ഷം രൂപ ചിലവഴിച്ച് ആയിരിക്കും നിർമ്മാണം. രണ്ടിടങ്ങളിലായി 98 മീറ്ററിലാണ് ഇൻ്റർലോക്കിംഗ് ടൈലുകൾ വിരിക്കുക. ജിഎസ്ബി മെറ്റീയൽ ഇട്ട് റോഡിലെ കുഴികൾ അടക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ ഗതാഗത നിയന്ത്രണവും ഇതിൻ്റെ ഭാഗമായി എർപ്പെടുത്തിയിട്ടുണ്ട്. ടൈൽ വിരിക്കുന്ന പ്രവൃത്തി ഓണത്തിന് ശേഷം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.















