കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട്

കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ വാർഷികമായി നടത്തിവരാറുള്ള കൂത്തടിയന്തിരത്തിന്റെ ഭാഗമായി അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടന്നു. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുളള അംഗുലീയകമോതിരം അടയാളമായി ധരിച്ച് സമുദ്രം ചാടിക്കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ പുറപ്പാടാണ് അരങ്ങേറിയത്. പുറപ്പാടുദിവസം, മേൽശാന്തി കൂത്തമ്പലത്തിൽ വന്ന് രംഗപൂജചെയ്ത് മംഗളവാദ്യഗീതഘോഷത്തോടെ ഹനൂമദ്വേഷധാരിയായ ചാക്യാർ രംഗത്ത് പ്രവേശിച്ച് സമുദ്രം കടന്നകഥയും ലങ്കാപുരി വർണ്ണനയും അഭിനയിച്ച് അനുഷ്ഠാന പ്രധാനമായ ക്രിയകൾ ആചാരത്തിനനുസരിച്ച് നിർവഹിയ്ക്കുന്നു. തുടർന്ന് നമ്പ്യാരുടെ കുത്തുവിളക്കിന്റെയും, മാരാരുടെ ശംഖധ്വനിയോടെയും ഒപ്പം ദേവദർശനം നടത്തി അഭീഷ്ടസിദ്ധിയ്ക്കായ് പ്രാർത്ഥിയ്ക്കുന്നു. ഹനൂമാന്റെ വേഗത്തിലുള്ള കൂത്തവതരണത്തിനാണ് ചാക്യാർ വർഷം തോറും കൂത്തമ്പലത്തിൽ നിന്ന് പുറത്തുവന്ന് ശ്രീകോവിലിലെ സോപാനം പടിയിൽ നിന്ന് തൊഴുത് മേൽശാന്തിയിൽ നിന്ന് ശംഖ് തീർത്ഥം വാങ്ങുന്ന അപൂർവ്വം ചടങ്ങ് കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമേ നിലവിലുള്ളു.

തുടർന്ന് വരുന്ന 11 ദിവസങ്ങളിലായി ഹനൂമാൻ രാമായണകഥ ഘട്ടം ഘട്ടമായി അനുഷ്ഠിയ്ക്കുന്നു. ഓരോ ദിവസത്തിനും ഓരോ ഫലശ്രുതി യാണ് എന്നത് അംഗുലീയാങ്കം കൂത്തിൻ്റെ പ്രാധാന്യമാകുന്നു.

ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ ആചാരപരമായി ഹനൂമാന്റെ വേഷം ധരിച്ച് അരങ്ങിൽ വന്നു. പാലപ്പുറം നമ്പ്യാർ മഠം നേപഥ്യ ജിനേഷ് നമ്പ്യാർ മിഴാവിലും, ഇന്ദിര നങ്ങ്യാർ താളം പിടിച്ചും പങ്കുചേർന്നു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ. അഡ്വ. അജയ്കുമാർ, ഡോ. മുരളി ഹരിതം ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Please follow and like us: