സെൻ്റ് ജോസഫ്സ് കോളേജിൽ രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് കൊടിയേറ്റി.
ഇരിങ്ങാലക്കുട : ജൂലൈ 18, 19 തീയതികളിലായി സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന രണ്ടാമത് അന്തർദേശീയ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് ( ഋതു) കൊടിയേറ്റി. കോളേജിൻ്റെ മുൻവശത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൊടിയേറ്റ കർമ്മം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബെസ്സി, വൈസ്- പ്രിൻസിപ്പൽ ഡോ സിസ്റ്റർ എലൈസ , ചലച്ചിത്രമേളയുടെ കോർഡിനേറ്റർ പ്രൊഫ ലിറ്റി ചാക്കോ, ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിസ്ഥിതി ചലച്ചിത്രമേളയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോക്യുമെൻ്ററികളുടെ പ്രദർശനം, സംവിധായകരുമായുള്ള സംവാദം, ഫോട്ടോ എക്സിബിഷൻ, കാരിക്കേച്ചർ, ഫാഷൻ ഷോ തുടങ്ങിയ പരിപാടികൾ നടക്കും.