കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കാലാവസ്ഥ പാർലമെൻ്റ്
ഇരിങ്ങാലക്കുട : കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാനും പ്രാദേശികമായി പരിഹാരങ്ങൾ കണ്ടെത്താനുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജൂലൈ 15 ന് പഞ്ചായത്ത് കാലാവസ്ഥ പാർലമെൻ്റ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ, കില, ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷൻ , ഇ കെ എൻ സെൻ്റർ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കാലാവസ്ഥ പാർലമെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ക്രൈസ്റ്റ്, സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർഥികൾ തയ്യാറാക്കിയ പാരിസ്ഥിതിക റിപ്പോർട്ട് പ്രാദേശിക ഭരണകൂടങ്ങൾക്ക് സമർപ്പിക്കും. കോളേജ് മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, കില പ്രൊഫസർ ഡോ മോനിഷ് ജോസ്, ഡോ എസ് ശ്രീകുമാർ, ഡോ മാത്യു പോൾ ഊക്കൻ, പ്രൊഫ. കെ എം മൂവീഷ് , ഡോ ജോസ് കുര്യാക്കോസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.