ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മ്യഗ സംരക്ഷണ വകുപ്പും …
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ മനോജ് , സീനിയർ വെറ്റിനറി സർജൻ എം കെ സന്തോഷ്, എന്നിവരുടെ നേത്യത്വത്തിൽ വൈകീട്ട് നാല് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്. ആനകളുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുന്നളളിപ്പ് വിവരങ്ങൾ, മദകാലം, ഉടമസ്ഥത സർട്ടിഫിക്കറ്റ് എന്നിവ വനം വകുപ്പ് തേടിയ ശേഷം റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. തുടർന്ന് ആനകളുടെ ലക്ഷണങ്ങൾ, മദ ഗ്രന്ഥി, ശരീരത്തിലെ വ്രണങ്ങൾ, എന്നിവ വിലയിരുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഫിറ്റ്നെസ്സ് നൽകുന്നത്.പാപ്പാൻമാരുടെ വിവരങ്ങളും ആനകളുമായുള്ള സമ്പർക്കവും വിലയിരുത്തും. ആദ്യ ദിനത്തിൽ കൂടൽമാണിക്യം മേഘാർജ്ജുനൻ ഉൾപ്പെടെ 18 ആനകളെയാണ് പരിശോധിച്ചത്. രാത്രി എട്ടരയോടെയാണ് ആദ്യദിനത്തിലെ പരിശോധനകൾ അവസാനിച്ചത്. തൃശ്ശൂർ പൂരം ചടങ്ങുകളിൽ പങ്കെടുത്തവയാണ് അധികം ആനകളും. ഓരോ ശീവേലിക്കും വിളക്കിനും മുമ്പേ ആനകളെ പരിശോധിക്കും. പരിശോധനകൾക്ക് ശേഷം നൽകുന്ന ഹെൽത്ത് കാർഡ് 72 മണിക്കൂർ നേരത്തേക്കാണ്. രണ്ട് ഡോക്ടർമാർ , രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ എന്നിവർ ഉൾപ്പെടുന്ന അഞ്ച് അംഗ സംഘത്തിൻ്റെ സേവനം ഉൽസവ ദിവസങ്ങളിൽ ഉണ്ടാകും. ഇത് കൂടാതെ എലിഫെൻ്റ് സ്ക്വാഡിൻ്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.