സിവിൽ സർവീസ് പരീക്ഷയിൽ നാടിൻ്റെ അഭിമാനമായി ഗംഗ ഗോപി; പഠനം പൂർത്തിയാക്കിയത് ആനന്ദപുരം സെൻ്റ് ജോസഫ്സ് , എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് ജോസഫ്സ് കോളേജ് എന്നിവടങ്ങളിലായി ; നേട്ടം തുടർച്ചയായ അഞ്ചാം ശ്രമത്തിൽ
ഇരിങ്ങാലക്കുട : ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ മൂത്രത്തിക്കര സ്വദേശിനിക്ക് നേട്ടം. മൂത്രത്തിക്കരയിൽ കർഷകനായ കോടിയത്ത് ഗോപിയുടെയും ജയയുടെയും മകളായ ഗംഗ ഗോപിയാണ് 786 -ാം റാങ്ക് നേടി നാടിൻ്റെ അഭിമാനമാകുന്നത്. ആനന്ദപുരം സെൻ്റ് ജോസഫ്സ് സ്കൂൾ , ഇരിങ്ങാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് ജോസഫ്സ് കോളേജ് എന്നിവടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ഗംഗ ഗോപി തിരുവനന്തപുരം ഫോർച്യൂൺ അക്കാദമയിൽ സിവിൽ സർവീസ് തയ്യാറെടുപ്പിലായിരുന്നു. തുടർച്ചയായ അഞ്ചാം ശ്രമത്തിലാണ് ഗംഗ ലക്ഷ്യത്തിലെത്തിയത്. 2016 – 18 കാലത്ത് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർഥിനി ആയിരുന്ന ഗംഗ എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തക ആയിരുന്നുവെന്ന് ക്യാപ്റ്റൻ ലിറ്റി ചാക്കോ പറയുന്നു. പ്രളയകാലത്തെ സേവന പ്രവർത്തനങ്ങൾ, മലക്കപ്പാറ ആദിവാസി ഊരുകളിലെ ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി. ആദിവാസികളുടെ ശാസ്ത്ര സാങ്കേതിക അറിവുകളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ ഒരു പഠനം, കവളപ്പാറ ഉരുൾപൊട്ടൽ ബാധിതർക്കുള്ള അവശ്യ വസ്തുക്കൾ എത്തിച്ചു നൽകൽ എന്നിവയ്ക്ക് നേതൃത്വം നൽകി. കോളേജിലെ മാഗസിൻ എഡിറ്ററുമായിരുന്നു. യു കെ യിൽ പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്ന ഗായത്രി ഗോപി സഹോദരിയാണ്.