കൂടൽമാണിക്യക്ഷേത്രതിരുവുൽസവം; ക്രമീകരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അവലോകനയോഗം

ശ്രീകൂടൽമാണിക്യതിരുവുൽസവം; വർധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ജാഗ്രത പുലർത്തണമെന്ന് തിരുവുൽസവ അവലോകനയോഗം

ഇരിങ്ങാലക്കുട : പത്ത് ദിവസങ്ങളിലായി നടക്കുന്ന ശ്രീകൂടൽമാണിക്യ തിരുവുൽസവത്തിന് വർധിച്ച് വരുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ജാഗ്രത പുലർത്തണമെന്ന് തിരുവുൽസവ അവലോകനയോഗം . പോലീസും ഫയർഫോഴ്സും ആരോഗ്യ വകുപ്പും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ആവശ്യപ്പെട്ടു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂർ സേവനം ഉറപ്പാക്കുമെന്നും പരിസരത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൽസവത്തിന് മുമ്പ് തന്നെ പൂർത്തീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ രാജേഷ് യോഗത്തിൽ അറിയിച്ചു. ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ലിസ്റ്റും ഹെൽത്ത് കാർഡുകളും നേരത്തെ ലഭ്യമാക്കണമെന്ന് യോഗത്തിൽ വെറ്റിനറി ഡോക്ടർമാർ ആവശ്യപ്പെട്ടു. ആവശ്യത്തിന് പോലീസ് സേനയെ വിന്യസിക്കുമെന്നും കൂടുതൽ വോളണ്ടിയർമാരെ സജ്ജമാക്കണമെന്നും ഡിവൈഎസ്പി കെ ജി സുരേഷ് ആവശ്യപ്പെട്ടു. ഒരു യൂണിറ്റ് പ്രവർത്തന സജ്ജമായി ഉണ്ടാകുമെന്ന് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. ഉൽസവവുമായി ബന്ധപ്പെട്ട പന്തൽ പണികളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുമെന്നും കെഎസ്ഇബി അധികൃതരും അറിയിച്ചു. കിഴക്കേ നടയിൽ ഉള്ള ആനപ്പടി ഉൽസവത്തിന് മുമ്പ് 5 മീറ്റർ ഉയരത്തിലും അഞ്ച് മീറ്റർ വീതിയിലും പൊളിച്ച് നീക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ഉൽസവ ദിനങ്ങളിൽ ക്ഷേത്രത്തിലും പരിസരങ്ങളിലും കുടിവെള്ളം മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഈ വർഷവും വീഴ്ചകൾ വരാതെ ശ്രദ്ധിക്കുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രധാന കേന്ദ്രത്തിൽ തന്നെ ആംബുലൻസ്, വീൽ ചെയർ എന്നിവ സഹിതം ഫസ്റ്റ് എയ്ഡ് കേന്ദ്രം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗവും അറിയിച്ചു. യോഗത്തിൽ ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: