യമനിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി ജന്മനാട്ടിൽ തിരിച്ചെത്തി; നിറക്കണ്ണുകളോടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും; തകർന്ന വീട് പുനർനിർമ്മിക്കുമെന്ന് മോചനം സാധ്യമാക്കിയ സാമൂഹ്യപ്രവർത്തകർ

യമനിൽ പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി ജന്മനാട്ടിൽ തിരിച്ചെത്തി; നിറക്കണ്ണുകളോടെ കുടുംബവും സുഹൃത്തുക്കളും; ദിനേശിൻ്റെ എടക്കുളത്തുളള തകർന്ന് വീട് പുനർനിർമ്മിക്കാനും ബാധ്യതകൾ തീർക്കാനും ശ്രമിക്കുമെന്ന് മോചനം സാധ്യമാക്കിയ സാമൂഹ്യപ്രവർത്തകർ.

 

ഇരിങ്ങാലക്കുട : യമനിലെ യുദ്ധഭൂമിയിൽ നീണ്ട പതിനൊന്ന് വർഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശി കഠിനമായ പ്രവാസജീവിതത്തിന് ഒടുവിൽ ജന്മനാട്ടിലെത്തി. മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് 2014 ൽ യമനിലേക്ക് വണ്ടി കയറുകയും യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രേഖകൾ നഷ്ടപ്പെട്ട് തിരിച്ച് വരാൻ മാർഗ്ഗമില്ലാതെ നീണ്ട കാലം ദുരിത ജീവിതം പിന്നിട്ട എടക്കുളം കുണ്ടൂർ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ദിനേഷാണ് (49) കേന്ദ്ര സർക്കാരിൻ്റെയും നാട്ടിലെ സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലുകളെ തുടർന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. എജൻ്റിൻ്റെ സഹായത്തോടെ യമനിലേക്ക് യാത്ര തിരിക്കുമ്പോൾ മകൾ കൃഷ്ണവേണിക്ക് രണ്ട് വയസ്സും മകൻ സായ് കൃഷ്ണയ്ക്ക് ആറുമാസവും മാത്രമായിരുന്നു പ്രായം. ദിനേശിൻ്റെ ദുരിത ജീവിതം നാട്ടിലുള്ള സുഹൃത്ത് ഉണ്ണി പൂമംഗലം സാമൂഹ്യ പ്രവർത്തകനായ വിപിൻ പാറമേക്കാട്ടിലിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരികയും തിരിച്ച് വരാൻ ആവശ്യമായ എഴ് ലക്ഷത്തോളം രൂപ യമനിലേക്ക് അയച്ച് കൊടുക്കുകയും ചെയ്തതാണ് ജന്മനാട്ടിലേക്കുള്ള തിരിച്ച് വരവ് സാധ്യമാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്നും പതിനൊന്ന് മണിയോടെ എടക്കുളത്തും തുടർന്ന് നെടുമ്പാളിലുള്ള ഭാര്യവീട്ടിൽ പന്ത്രണ്ടരയോടെയും എത്തിയ ദിനേശിനെ നിറഞ്ഞ കണ്ണുകളോടെയാണ് ഭാര്യ അനിത, മക്കൾ , ഭാര്യ സഹോദരൻ അനിൽ , അനിതയുടെ പിതാവ് അയ്യപ്പൻ, മാതാവ് കമല എന്നിവർ ചേർന്ന് സ്വീകരിച്ചത്. നാട്ടിലെ സാമൂഹ്യ പ്രവർത്തകരും യമനിൽ ഷിജു ജോസഫ്, സാമുവൽ ജെറോം, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവരും തിരിച്ച് വരവിന് സഹായിച്ചതായി ദിനേശ് മാധ്യമങ്ങളോട് പറഞ്ഞു. എടക്കുളത്തുള്ള ദിനേശിൻ്റെ തകർന്ന വീട് പുനർനിർമ്മിക്കാനും വായ്പാ ബാധ്യതകൾ തീർക്കാനും ദിനേശിനെയും കുടുംബത്തെയും എടക്കുളത്ത് തിരിച്ച് എത്തിക്കാനുള്ള നടപടികൾ അടുത്ത ഘട്ടത്തിൽ സ്വീകരിക്കുമെന്ന് വിപിൻ പാറമേക്കാട്ടിൽ, ഉണ്ണി പൂമംഗലം എന്നിവർ അറിയിച്ചു.

Please follow and like us: