ഇരിങ്ങാലക്കുട രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസ്സ് മെയ് 19 ന് ; മെയ് 4,5,6,7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശയാത്ര …
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപതയിൽ മെയ് 19 ന് നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിന് മുന്നോടിയായി മെയ് 4, 5, 6, 7 തീയതികളിൽ ദിവ്യകാരുണ്യ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. നാല് ദിവസങ്ങളിലായി നടത്തുന്ന സന്ദേശ യാത്ര രൂപതയിലെ 141 ഇടവക ദേവാലയങ്ങളിലും എത്തിച്ചേരുമെന്ന് രൂപത വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധ ചാവറ അച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൽ വച്ച് മെയ് 4 ന് രാവിലെ 10 ന് ദേവാലയ റെക്ടർ മോൺ. സെബാസ്റ്റ്യൻ ലൂയീസ് സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ രൂപതയിലെ 60000 ഓളം കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25000 പേർ പങ്കെടുക്കും. കത്തീഡ്രൽ വികാരി ഫാ ഡോ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഫാ റിജോയ് പഴയാറ്റിൽ, വിവിധ കമ്മിറ്റി ഭാരവാഹികളായ ഫാ ജോൺ കവലക്കാട്ട് (ജൂനിയർ) , ടെൽസൻ കോട്ടോളി, ലിംസൺ ഊക്കൻ, ജോഷി പുത്തിരിക്കൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.















