വല്ലക്കുന്നിലെ നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ …

ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്തിലെ വല്ലക്കുന്നുള്ള സ്നേഹോദയ കോളേജ് ഓഫ് നേഴ്സിംഗ് എന്ന സ്ഥാപനത്തിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഈ മാസം 26 നും 27 നുമായി ഹോസ്റ്റലിലുള്ള നൂറോളം കുട്ടികൾക്കാണ് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജോ കെ ആർ ,ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ , ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തി. 26 ന് രാവിലെയോ ഉച്ചക്കോ കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ രോഗാണുക്കളെ കണ്ടെത്തുന്നതിനായി വെള്ളത്തിന്റെ സാമ്പിളും കുട്ടികളുടെ വിസർജ്ജ്യങ്ങളും ടെസ്റ്റിനായി മൈക്രോബയോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്..ഭക്ഷ്യവിഷബാധ തടയുന്നതിന് വേണ്ട നിർദ്ദേശങ്ങൾ സ്ഥാപനം മേധാവികൾക്ക് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷ്യ പദാർത്ഥങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. എല്ലാ രോഗികളും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.















