തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു…

ഇരിങ്ങാലക്കുട: മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.തളിയക്കോണം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ (73) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മകൻ നിധിൻ്റെ മേൽ ജനലിലൂടെ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയിട്ടുമുണ്ടായിരുന്നു. ഉണർന്ന നിധിൻ മുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് പൊള്ളൽ എല്ക്കാതെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പിതാവിനെ അടുത്ത വീട്ടിലെ ട്രസ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീർഘകാലം പ്രവാസിയായിരുന്നു മരിച്ച ശശിധരൻ. സംഭവത്തിൻ്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല. ശാലിനിയാണ് ഭാര്യ. നിമിഷ, വർഷ, നിധിൻ എന്നിവർ മക്കളും റിനീഷ്, രാജീവ് എന്നിവർ മരുമക്കളുമാണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.















