പ്രതിഷേധചൂടിൽ മുങ്ങി ‘ഓൺലൈൻ’ നഗരസഭ യോഗം; സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ ചേരുന്നത് ചൂണ്ടിക്കാട്ടി ബിജെപി ; സാധാരണ മട്ടിൽ യോഗങ്ങൾ ചേരാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരിച്ച് ഭരണ നേത്യത്വം.

പ്രതിഷേധചൂടിൽ മുങ്ങി ‘ഓൺലൈൻ’ നഗരസഭ യോഗം; സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്; തൃശൂർ കോർപ്പറേഷനിൽ അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ ചേരുന്നത് ചൂണ്ടിക്കാട്ടി ബിജെപി ; സാധാരണ മട്ടിൽ യോഗങ്ങൾ ചേരാൻ സർക്കാർ അനുമതിയില്ലെന്ന് വിശദീകരിച്ച് ഭരണ നേത്യത്വം.

ഇരിങ്ങാലക്കുട: നഗരസഭ യോഗങ്ങൾ ഓൺലൈനിൽ തുടരുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം.2021-22 വർഷത്തെ വാർഷിക പദ്ധതിയുടെ റിവിഷനുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ചേർന്ന യോഗത്തിന് എതിരെയാണ് എൽഡിഎഫും ബിജെപി യും രംഗത്ത് വന്നത്. 41 വാർഡുകളിലെയും പദ്ധതികൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചേരുന്ന യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സാധാരണ യോഗമായി നടത്തണമെന്ന് തങ്ങൾ നേരത്തെ ആവശ്യപ്പെട്ടതാണെന്നും ഇത് ഭരണ നേത്യത്വം ഉൾക്കൊണ്ടില്ലെന്നും നഗരസഭ യോഗത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയ പറഞ്ഞു. ഓൺലൈൻ യോഗം രണ്ട് മണിക്ക് ആരംഭിക്കുന്ന സമയത്ത് തന്നെ എൽഡിഎഫ് അംഗങ്ങളും നഗരസഭ ഓഫീസിന് മുന്നിൽ സർക്കാർ നല്കുന്ന പദ്ധതി പണം ധൂർത്തടിക്കാൻ അനുവദിക്കില്ലെന്നും നഗരവാസികൾ കോവിഡ് ദുരിതങ്ങൾ നേരിടുമ്പോൾ, ചെയർപേഴ്‌സനും കൂട്ടരും വിനോദയാത്ര നടത്തുകയാണെന്നും മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധ സമരം ആരംഭിച്ചു.
കൗൺസിൽ ഹാളിൽ ഓൺലൈനായി യോഗം ചേരാൻ എത്തിയതോടെ ബിജെപി അംഗങ്ങളും പ്രതിഷേധവും പ്ലാക്കാർഡുകളും ഉയർത്തി ഹാളിൽ ഇരുന്നു. മൂന്നാമത്തെ യോഗമാണ് ഓൺലൈനിൽ ചേരുന്നതെന്നും സംസ്ഥാനത്തെ 90 % തദ് ദേശസ്ഥാപനങ്ങളിലും സാധാരണമട്ടിൽ യോഗങ്ങൾ ചേരുന്നുണ്ടെന്നും ഊട്ടിക്ക് ഉല്ലാസയാത്ര പോയാൽ കോവിഡ് വരില്ലെന്നും കൗൺസിൽ നടത്തിയാൽ കോവിഡ് വരുമെന്ന വിചിത്രവാദമാണ് ഭരണ നേത്യത്വം പറയുന്നതെന്നും വിമർശിച്ചു. സർക്കാർ പറയുന്ന മാനദണ്ഡങ്ങൾ അനുവദിച്ച് മാത്രമേ യോഗം ചേരാൻ കഴിയുകയുള്ളുവെന്ന് ചെയർപേഴ്സൻ വിശദീകരിച്ചു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്കിയിട്ടുണ്ടെന്നും മറുപടി കിട്ടിയിട്ടില്ലെന്നും ചെയർപേഴ്സൺ സൂചിപ്പിച്ചു. മറുപടി വരുന്നത് വരെ ക്ഷമിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് വൈസ് – ചെയർമാൻ പി ടി ജോർജ്ജ് അഭ്യർഥിച്ചു. എന്നാൽ തൃശൂർ കോർപ്പറേഷൻ യോഗങ്ങൾ നടത്തുന്നത് ഓഫ് ലൈനായിട്ട് ആണെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ പറഞ്ഞു. പ്രതിഷേധസ്വരങ്ങൾ വകവയ്ക്കാതെ രണ്ടരയോടെ ഓൺലൈനിൽ യോഗം ആരംഭിച്ചപ്പോൾ പാത്രങ്ങൾ കൊട്ടി ബിജെപി അംഗങ്ങൾ പ്രതിഷേധം തുടർന്നു .എൽഡിഎഫ് അംഗങ്ങൾ ഹാളിന് താഴെയും ബിജെപി അംഗങ്ങൾ ഉള്ളിലും പ്രതിഷേധങ്ങൾ തുടർന്നതോടെ യോഗം ബഹളത്തിൽ മുങ്ങി. തുടർന്ന് മൂന്ന് മണിയോടെ അജണ്ട പാസ്സായതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഓൺലൈനായി യോഗത്തിൽ പങ്കെടുക്കാൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ്കുമാർ, ജെയ്സൻ പാറേക്കാടൻ, നഗരസഭ ഉദ്യോഗസ്ഥരും കൗൺസിൽ ഹാളിൽ ഉണ്ടായിരുന്നു.

Please follow and like us: